യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനായി ഹൈന്ദവ നേതാക്കള്‍; സ്ത്രീ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്തിൽ പ്രതിഷേധം

പാരീസ് : പാരീസിലെ ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനായി ഹൈന്ദവ നേതാക്കള്‍ എത്തിയപ്പോള്‍ വനിത ജീവനക്കാരെ കാഴ്ചയില്‍പ്പെടാത്ത രീതിയില്‍ മാറ്റിനിര്‍ത്തിയതായി ആരോപണം. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചു. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നൂറിലേറെ ഹിന്ദു സംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്ത് സ്ത്രീ ജീവനക്കാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും പുരുഷന്‍മാരെ ജോലിയില്‍ പ്രവേശിപ്പിച്ചതായുമാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്‌മെന്റിന്റെ ലിംഗവിവേചന നടപടി ജീവനക്കാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.

ജീവനക്കാര്‍ പ്രതിഷേധിച്ചതോടെയാണ് ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചത്. സംഭവത്തില്‍ മാനേജ്‌മെന്റ് ജീവനക്കാരോട് മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശ്രദ്ധയില്‍പ്പെട്ടെന്നും അവരുടെ പ്രതിഷേധം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയണം. പാരീസിലെ എവിടെയും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യം വച്ചുപൊറുപ്പിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button