അന്തർദേശീയം

ഹോര്‍മൂസ് കടലിടുക്കിന് പുറത്ത് നിയന്ത്രണ മേഖല പ്രഖ്യാപിക്കും : ഇറാന്‍

തെഹ്‌റാന്‍ : ഹോര്‍മൂസ് കടലിടുക്കിന് പുറത്ത് നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഇറാന്‍. ഗള്‍ഫിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് നിയന്ത്രണ മേഖല. യുഎസിന്റെ ഉപരോധമുള്ള പ്രദശത്ത് നിന്നാണ് നിയന്ത്രണ മേഖല തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്ന കപ്പലുകളെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഇറാനിലെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനത്തോടുള്ള പ്രതികരണത്തിനിടെയാണ് ഇറാന്‍ സുരക്ഷാ മോധാവി മൊഹ്സെന്‍ റെസായി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. എന്നാല്‍ നിര്‍ദ്ദിഷ്ട മേഖലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു മാസത്തോളം താരതമ്യേന ശാന്തമായ അന്തരീക്ഷത്തിനുശേഷമാണ് കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും ആക്രമണങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഹോര്‍മൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റി തന്നെയാണ് സംഘര്‍ഷം മുറുകുന്നത്.

യുഎസ് നാവിക ഉപരോധ മേഖയില്‍ തുടങ്ങി ഹോര്‍മൂസ് കടലിടുക്കിലേക്ക് നീളുകയും, അവിടെനിന്ന് പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാകും പുതിയ നിയന്ത്രിത മേഖല എന്നാണ് പ്രാഥമിക വിവരം. ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ പ്രവേശിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഏതൊരു കപ്പലും തങ്ങളുടെ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനിയന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടും ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് തടയാനുമായി അമേരിക്ക ആഴ്ചകളായി ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തെ കൂടി പ്രതിരോധിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ ഉപരോധത്തിന് പിന്തുണയായി 20-ലധികം യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ സൈന്യം അറിയിച്ചിരുന്നത്. ഞായറാഴ്ചയോടെ ഈ ഉപരോധം 92 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിടുകയും മൂന്നെണ്ണത്തിനെ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തിരുന്നു.

ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികള്‍ അമേരിക്ക സ്വീകരിച്ചുവരികയാണ്. അതേസമയം, ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിക്കുന്ന ചില കപ്പലുകള്‍ക്കുനേരെ ഇറാന്‍ ആക്രമണം തുടരുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്കിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അമേരിക്കയുടെ ആളില്ലാ കപ്പലിനെ ആക്രമിച്ചതായി ഞായറാഴ്ച ഇറാന്‍ അവകാശപ്പെട്ടെങ്കിലും, ആ വാദം പൂര്‍ണ്ണമായും നുണയാണെന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടത്. ഹോര്‍മൂസ് കടലിടുക്കും ഇറാനിയന്‍ തെക്കന്‍ തീരപ്രദേശങ്ങളും വീണ്ടും ആക്രമണങ്ങള്‍ക്ക് വിധേയമായമാകുകയാണ്. യുദ്ധത്തിന്റെ തുടക്കത്തില്‍ മിനാബിലെ സ്‌കൂളിന് നേരെ ആക്രമണമുണ്ടായ അതേ പ്രദേശത്ത്, ഈ ആഴ്ച ആദ്യം അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

കടലിടുക്കിലെ ആക്രമണങ്ങള്‍ക്ക് സൈനികമായി മറുപടി നല്‍കുന്നതിനൊപ്പം, ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളെയും അവര്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഉപരോധങ്ങളെ അതിജീവിച്ച പശ്ചാത്തലത്തില്‍, തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറാണെന്നാണ് റെസായി ഉള്‍പ്പെടെയുള്ള ഇറാനിലെ മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button