അന്തർദേശീയം

മയക്കുമരുന്ന് കേസ്; ഈജിപ്തിൽ ടെലിവിഷൻ അവതാരക സാറ ഖലീഫ അടക്കം 12 പേർക്ക് വധശിക്ഷ

കെയ്‌റോ : ഈജിപ്തിലെ പ്രമുഖ ടെലിവിഷൻ അവതാരക സാറ ഖലീഫ (39) അടക്കം 12 പേർക്ക് വധശിക്ഷ. മയക്കുമരുന്ന് ഉൽപ്പാദനവും കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ഈജിപ്‌തിലെ കെയ്‌റോ ക്രിമിനൽ കോടതിയുടെ വിധി.

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘമുണ്ടാക്കി മയക്കുമരുന്നുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയും അവ വിതരണം ചെയ്യുകയും ചെയ്തതിനാണ് കണ്ടെത്തൽ. ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കൈവശം വച്ചതിനും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുറ്റകൃത്യങ്ങൾ, സുരക്ഷ എന്നിവയെ ആസ്പദമാക്കിയുള്ള ‘മിഷൻ ഇംപോസിബിൾ’ എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയുടെ അവതാരകയായിരുന്നു സാറ ഖലീഫ. തനിക്കെതിരെയുള്ള ആരോപണങ്ങൾ സാറ ഖലീഫ നിഷേധിച്ചിട്ടുണ്ട്. കേസിൽ 28 പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. ‌ഇതിൽ‌ 12 പേർക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികൾക്ക് വിധി ചോദ്യം ചെയ്ത് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും. അതിനാൽ തന്നെ ഉടനടി വധശിക്ഷ നടപ്പാക്കിയേക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button