അന്തർദേശീയം

പശ്ചിമേഷ്യൻ നയങ്ങളിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാൻ സംഘർഷങ്ങൾക്ക് ശേഷമുള്ള പശ്ചിമേഷ്യൻ നയങ്ങളിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ട്രംപ് ഭരണകൂടം സമഗ്രമായ പദ്ധതിയാണ് ഇതിനായി തയാറാക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളെ കോർത്തിണക്കി പ്രത്യേക പ്രാദേശിക സഖ്യം രൂപീകരിക്കുക, അങ്ങനെ ഇറാന്‍റെ മേൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുക, അയൽ രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ട്രംപിന്‍റെ മുതിർന്ന ഉപദേശകരും വിവിധ യു.എസ് ഏജൻസികളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ പദ്ധതിക്ക് രൂപം നൽകുന്നത്.

മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാനെതിരെ ഒരുമിപ്പിച്ചു നിർത്തുന്നതോടൊപ്പം അവർക്ക് സുരക്ഷ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2023 ഒക്റ്റോബർ ഏഴിന് ഇസ്രയേലിന് നേർക്കുണ്ടായ ഹമാസ് ആക്രമണവും തുടർന്നുണ്ടായ സംഘർഷങ്ങളും ശാശ്വതമായി പരിഹരിക്കാനുള്ള നീക്കങ്ങളും ഇതിന്‍റെ ഭാഗമാണ്. ഗാസയുമായി ബന്ധപ്പെട്ട ട്രംപിന്‍റെ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം അബ്രഹാം അക്കോർഡ്സ് വിപുലീകരിച്ച് ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും യു.എസ് നീക്കം നടത്തുന്നുണ്ട്.

നിർണായകമായി വരുന്ന തെരഞ്ഞെടുപ്പുകൾ

ഒക്റ്റോബർ 27-ന് ഇസ്രയേലിൽ നടക്കുന്ന തിരഞ്ഞെടുപ്പും നവംബറിലെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പും ഈ നയതന്ത്ര നീക്കങ്ങളിൽ നിർണ്ണായകമാകും. ഇസ്രയേലിൽ അധികാരത്തിൽ വരുന്ന പുതിയ ഭരണകൂടം ഈ പദ്ധതിയുമായി സഹകരിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.

തിരഞ്ഞെടുപ്പ് ഫലം മൂലം അവിടെ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായാൽ പോലും പദ്ധതി അംഗീകരിപ്പിക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തിയേക്കാം. വരും ആഴ്ചകളിൽ ഇതിന്‍റെ അന്തിമരൂപം പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button