അന്തർദേശീയം

ഇന്തോനേഷ്യയിൽ അ​ഗ്നിപർവത സ്ഫോടനം; വ്യോമ​ഗതാ​ഗതം തടസപ്പെട്ടു

ജക്കാർത്ത : ഇന്തോനേഷ്യയിൽ അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു. ജക്കാർത്തയിലെ അനക് ക്രാകറ്റോവ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വ്യോമാതിർത്തിയിലാണ് അപകടം. വെള്ളിയാഴ്ച രാത്രി വൈകിയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ഞായറാഴ്ച രാവിലെ വലിയ സ്ഫോടനമുണ്ടായി.

പ്രദേശത്ത് തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. നിലവിൽ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 209 വിമാന സർവീസുകൾ നിർത്തിവച്ചു. ജാവയുടെയും സുമാത്രയുടെയും ചില ഭാഗങ്ങളിൽ 50,000 അടി ഉയരത്തിൽ അഗ്നിപർവ്വത ചാരം ഉയർന്നു. ദൃശ്യപരത താഴ്ന്നതോടെ വ്യോമ ഗതാഗതം തടസപ്പെട്ടു.

വ്യോമ​ഗതാ​ഗതം തടസപ്പെട്ടത് ഏകദേശം 22,000ത്തിലധികം ആളുകളെ ബാധിച്ചു. പ്രധാനമായും സിംഗപ്പൂരിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ദോഹ, സിഡ്നി, ക്വാലാലംപൂർ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര റൂട്ടുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പ്രദേശത്തെ താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശമുണ്ട്. ശ്വസന തടസ്സങ്ങളും കണ്ണ്-ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കാൻ മാസ്ക് ധരിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രദേശത്ത് വലിയ തോതിൽ ചാരം കാരണം സ്കൂളുകളും മത്സ്യബന്ധനവും താൽക്കാലികമായി നിർത്തിവച്ചു.

ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവായി നടക്കുന്ന ‘പസഫിക് റിംഗ് ഓഫ് ഫയർ’ (Pacific Ring of Fire) മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button