പ്രശസ്തമായ ‘കാർട്ട് റട്ടുകൾ’ പുരാതന ക്ലാസിക്കൽ കാലഘട്ടത്തിലേതെന്ന് റിപ്പോർട്ട്

ക്ലാപ്പ്ഹാം ജങ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ചുണ്ണാമ്പുകല്ലുകളിൽ ആഴത്തിൽ പതിഞ്ഞ ‘കാർട്ട് റട്ടുകൾ’ (Cart ruts) പ്രീഹിസ്റ്റോറിക് (ചരിത്രാതീത) കാലത്തുള്ളതാണെന്ന ദീർഘകാലത്തെ ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഗവേഷണ ഫലം പുറത്ത്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടതാണെന്നും, അറ്റ്ലാന്റിസ് സാമ്രാജ്യത്തിന്റെ ബാക്കിപത്രമാണെന്നും തുടങ്ങി ചരിത്രാതീത കാലത്തെ മനുഷ്യർ നിർമ്മിച്ചതാണെന്നുവരെയുള്ള ഒട്ടേറെ നിഗമനങ്ങളും കഥകളും പ്രചരിച്ചിരുന്ന ഈ പാതകൾക്ക് പിന്നിലെ യഥാർത്ഥ വസ്തുതകളാണ് മാൾട്ട സർവകലാശാലയിലെ ഗവേഷകനായ ജോയൽ ഗ്രിമ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
രാജ്യാന്തര ആർക്കിയോളജിക്കൽ ജേണലായ *‘ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ്: റിപ്പോർട്ട്സിൽ’* പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ഈ പാതകൾ ബി.സി. 750 നും എ.ഡി. 870 നും ഇടയിലുള്ള ഫൊനീഷ്യൻ, പ്യൂണിക്, റോമൻ, ബൈസന്റൈൻ കാലഘട്ടങ്ങളിലെ (ക്ലാസിക്കൽ കാലഘട്ടം) ഗതാഗത സംവിധാനത്തിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. 2025-ൽ ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് മാൾട്ട സംഘടിപ്പിച്ച പ്രഭാഷണത്തിൽ ജോയൽ ഗ്രിമ ഈ പഠനവിവരങ്ങൾ ആദ്യമായി അവതരിപ്പിച്ചിരുന്നു.
ഡ്രോൺ ഫോട്ടോഗ്രാഫി, 3D മോഡലിംഗ്, ഭൂമിശാസ്ത്ര വിവര വ്യവസ്ഥകൾ (GIS) എന്നിവ ഉപയോഗിച്ച് മാൾട്ടയിലെ 228 കേന്ദ്രങ്ങളിലായി കിടക്കുന്ന 2,628 പാതകളെ അടിസ്ഥാനമാക്കി നടത്തിയ വിപുലമായ പഠനമാണിത്.
കൃഷിയിടങ്ങളെയും ക്വാറികളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച പാതകൾ
ഈ ചാലുകൾ ആരും മനഃപൂർവ്വം വെട്ടിപ്പടുപ്പിച്ചതല്ലെന്നും, നൂറ്റാണ്ടുകളോളം ഇരുമ്പ് ചക്രങ്ങളുള്ള വണ്ടികൾ മൃഗങ്ങളുടെ സഹായത്തോടെ സ്ഥിരമായി ഓടിച്ചപ്പോൾ കല്ലുകളിൽ സ്വാഭാവികമായി രൂപപ്പെട്ടതാണെന്നും പഠനം വ്യക്തമാക്കുന്നു.
* പാറമടകളും നിർമ്മാണവും : ക്വാറികളിൽ നിന്ന് കൂറ്റൻ കല്ലുകൾ നിർമ്മാണ സ്ഥലങ്ങളിലേക്കും തുറമുഖങ്ങളിലേക്കും എത്തിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 112-ഓളം സ്ഥലങ്ങളിൽ ക്വാറി പ്രവർത്തനങ്ങൾ ഈ പാതകളെ മുറിച്ചു കടക്കുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്.
* കാർഷിക വ്യാപാരം : തൽ-ഖാരെസ് (tal-Qares), താ ഖച്ചാതുറ (Ta’ Kaċċatura) എന്നീ റോമൻ വില്ലകളിലേക്കും കാർഷിക സംസ്കരണ കേന്ദ്രങ്ങളിലേക്കും ഇവ ബന്ധിപ്പിച്ചിരുന്നു.
* തുറമുഖ ബന്ധം : മാർസയിലെ ഇൽ-ഖോർട്ടിനിൽ (il-Qortin) റോമൻ വെയർഹൗസുകൾക്ക് (Horreum) സമീപവും കപ്പൽച്ചാലുകളോട് ചേര്ന്നും ഇത്തരം അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
* നഗര വീഥികൾ : പ്രാചീന നഗരമായ മെലിറ്റെയിൽ (ഇന്നത്തെ എംഡിന, റബാറ്റ്) തെരുവുകളുടെയും നഗര കവാടങ്ങളുടെയും ക്രമീകരണത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പാതകൾ കാണപ്പെടുന്നത്.
പ്രീഹിസ്റ്റോറിക് വാദങ്ങൾ തള്ളുന്നു
ഈ റട്ടുകളിൽ ചിലത് സമുദ്രത്തിനടിയിലേക്ക് നീളുന്നതിനാൽ ഇവ പ്രീഹിസ്റ്റോറിക് കാലത്തുള്ളതാണെന്നായിരുന്നു പഴയ വാദം. എന്നാൽ കഴിഞ്ഞ 2,000 വർഷത്തിനിടെ പ്രദേശത്തെ കടൽനിരപ്പ് 1.3 മീറ്ററോളം ഉയർന്നതാണ് ഇതിന് കാരണമെന്നും റോമൻ കാലഘട്ടത്തിൽ ഇവ പൂർണ്ണമായും കരയിലായിരുന്നുവെന്നും പഠനം തെളിയിക്കുന്നു. കൂടാതെ, മനുഷ്യന്റെ ഇടപെടൽ മൂലമുള്ള മണ്ണൊലിപ്പ് പ്രീഹിസ്റ്റോറിക് കാലത്തിന് ശേഷവും രൂക്ഷമായിരുന്നുവെന്നും അതിനാൽ മണ്ണൊലിപ്പ് അധിഷ്ഠിത പഴയ പഠനങ്ങൾ തെറ്റാണെന്നും ഗ്രിമ വ്യക്തമാക്കുന്നു.
പാതയോരങ്ങളിലെ പുരാതന ശവകുടീരങ്ങൾ
മേഖലയിലെ 1,690 പുരാതന ശവകുടീരങ്ങളെ (Tombs) കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, 34% കുടീരങ്ങളും ഈ റോഡുകളിൽ നിന്ന് 50 മീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന ഗതാഗത പാതകൾക്ക് ഇരുവശത്തുമായി ശ്മശാനങ്ങൾ നിർമ്മിക്കുന്ന പുരാതന റോമൻ പാരമ്പര്യത്തിന് തെളിവാണ് ഇത്.
ആകെ രേഖപ്പെടുത്തിയ 2,628 പാതകളിൽ 48 എണ്ണം, എ.ഡി. 1530-ൽ നൈറ്റ്സ് ഹൊസ്പിറ്റലറുടെ കാലഘട്ടം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള ആധുനിക കാലഘട്ടത്തിൽ രൂപപ്പെട്ടതാണെന്നും പഠനത്തിൽ പറയുന്നു.



