ഹാരി കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ : മാൾട്ടയ്ക്ക് 3.7 ദശലക്ഷം യൂറോയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ഈ വർഷം ജനുവരിയിലുണ്ടായ ‘ഹാരി’ കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടം നേരിട്ട മാൾട്ടയ്ക്ക് 3.7 ദശലക്ഷം യൂറോയുടെ അടിയന്തര പുനരധിവാസ സഹായം നൽകാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകി. കൊടുങ്കാറ്റിലും പ്രളയത്തിലും തകർന്ന നാല് അംഗരാജ്യങ്ങൾക്കായി യൂറോപ്യൻ യൂണിയൻ സോളിഡാരിറ്റി ഫണ്ടിൽ (EUSF) നിന്ന് ആകെ 489 ദശലക്ഷം യൂറോ അനുവദിക്കാനുള്ള നിർദ്ദേശത്തിന് യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകി.
ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 651 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. 17 പേർ നിർദ്ദേശത്തെ എതിർത്തപ്പോൾ മൂന്ന് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
2026 ജനുവരിയിലാണ് മാൾട്ടയിലും ഇറ്റലിയിലും കനത്ത നാശം വിതച്ച് ഹാരി കൊടുങ്കാറ്റ് വീശിയടിച്ചത്. ഇതിനെത്തുടർന്ന് ഇരുരാജ്യങ്ങളും യൂറോപ്യൻ യൂണിയന്റെ സഹായം തേടുകയായിരുന്നു. മാൾട്ടയ്ക്ക് അനുവദിച്ച തുകയിൽ 931 യൂറോ ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. പ്രകൃതിദുരന്തത്തിൽ വലിയ നാശനഷ്ടമുണ്ടായ ഇറ്റലിക്ക് 74.9 ദശലക്ഷം യൂറോയാണ് അനുവദിച്ചിരിക്കുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലുണ്ടായ ശക്തമായ പ്രളയത്തെത്തുടർന്ന് സഹായം അഭ്യർത്ഥിച്ച പോർച്ചുഗലിന് 261.5 ദശലക്ഷം യൂറോയും സ്പെയിന് 149.1 ദശലക്ഷം യൂറോയും ലഭിക്കും.
അടിയന്തര പുനരധിവാസ പ്രവർത്തനങ്ങൾ, വൈദ്യുതി, കുടിവെള്ളം, കമ്മ്യൂണിക്കേഷൻ ശൃംഖലകൾ, ഗതാഗത സംവിധാനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പുനരുദ്ധാരണം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. കൂടാതെ ശുചീകരണ പ്രവർത്തനങ്ങൾ, താത്കാലിക പാർപ്പിട സൗകര്യങ്ങൾ, രക്ഷാപ്രവർത്തനം, ചരിത്രസ്മാരകങ്ങളുടെ സംരക്ഷണം എന്നിവയ്ക്കും തുക വിനിയോഗിക്കാൻ അനുമതിയുണ്ട്.
2002-ൽ രൂപീകൃതമായ ശേഷം ഇതുവരെ 11 ശതകോടിയിലേറെ (11 billion) യൂറോയുടെ സഹായമാണ് EUSF വിവിധ രാജ്യങ്ങൾക്കായി നൽകിയിട്ടുള്ളത്. 25 അംഗരാജ്യങ്ങളിലായി നടന്ന 130 പ്രകൃതിദുരന്തങ്ങളിലും 20 ആരോഗ്യ അടിയന്തരാവസ്ഥകളിലുമായാണ് ഈ തുക വിതരണം ചെയ്തത്.



