അന്തർദേശീയം

യുക്രെയ്ന് സ്റ്റോം ഷാഡോ ക്രൂസ് മിസൈൽ സാങ്കേതികവിദ്യ കൈമാറ്റം; ബ്രിട്ടനും ഫ്രാൻസിനും മുന്നറിയിപ്പ് നൽകി റഷ്യ

മോസ്കോ : യുക്രെയ്നു സൈനിക സഹായം നൽകുന്ന ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടനും ഫ്രാൻസും ‘തീകൊണ്ട് കളിക്കുക’യാണെന്നാണ് റഷ്യയുടെ ആരോപണം. യുക്രെയ്നു മിസൈൽ സാങ്കേതിക വിദ്യ കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു പിന്നാലെയാണ് റഷ്യൻ റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ മുന്നറിയിപ്പ് നൽകിയത്. സ്റ്റോം ഷാഡോ ദീർഘദൂര ക്രൂസ് മിസൈലുകൾ ആഭ്യന്തരമായി യുക്രെയ്‌നു നിർമിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടിഷ്-ഫ്രഞ്ച് സംയുക്ത ക്രൂസ് മിസൈലാണിത്. ഇത് ലഭിക്കുന്നതോടെ യുക്രെയ്നു റഷ്യയുടെ ഉൾപ്രദേശങ്ങൾ ലക്ഷ്യമിടാനാവും.

യുക്രെയ്നുള്ള സൈനിക സഹായങ്ങൾ വർധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനു എതിരെയാണ് റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. അതേസമയം യുക്രെയ്നിലെ അധിനിവേശം തുടരുമ്പോൾതന്നെ ഒരു നാറ്റോ രാജ്യത്തിനെതിരെ പരിമിതമായ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിടുന്നതായി അടുത്തിടെ ദ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. യുഎസ് ഇന്റലിജൻസ് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ റിപ്പോർട്ട്. സൈബർ ആക്രമണമോ അല്ലെങ്കിൽ പരിമിതമായ സൈനിക കടന്നുകയറ്റമോ റഷ്യ ലക്ഷ്യമിടുന്നെന്നായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ ഏത് നാറ്റോ രാജ്യമാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നില്ല.

യുദ്ധത്തിന്റെ തുടക്കം മുതൽ യുക്രെയ്നിനു സൈനിക സഹായം നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. അടുത്തിടെയുണ്ടായ യുക്രെയ്ൻ ആക്രമണങ്ങളിൽ റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകൾക്കും മറ്റ് തന്ത്രപ്രധാന സ്ഥലങ്ങൾക്കും വലിയ അളവിൽ നാശനഷ്ടമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യ നിലപാട് കടുപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button