അന്തർദേശീയം

റഷ്യയിലെ ഡേറ്റ സെന്ററുകൾക്ക് നേരേ യുക്രൈൻ ആക്രമണം; ഓൺലൈൻ സേവനങ്ങൾ വ്യാപകമായ തടസത്തിൽ വലഞ്ഞ് ജനങ്ങൾ

മോസ്കോ : റഷ്യയിലെ ഡേറ്റ സെന്ററുകൾക്ക് നേരേ യുക്രൈൻ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ ജനജീവിതം ദുരിതത്തിലായി. റഷ്യൻ ടെക് ഭീമനായ യാൻഡെക്സിന്റെ ഡേറ്റ സെന്ററുകൾക്ക് നേരേ യുക്രൈൻ നടത്തിയ വ്യോമാക്രമണമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ റഷ്യയിലെ ഓൺലൈൻ ബാങ്കിങ്, ടാക്സി, ഡിജിറ്റൽ ഡോർ കീ തുടങ്ങിയ സേവനങ്ങൾ വ്യാപകമായി തടസപ്പെട്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

നേരത്തേ യുക്രൈനിലെ ഡേറ്റ സെന്ററുകളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ മറുപടിയായാണ് ഒക്ടോബർ എട്ടുമുതൽ യുക്രൈനും റഷ്യയിലെ ഡേറ്റ സെന്ററുകളെ ലക്ഷ്യമിട്ടത്. റഷ്യയിലെ ​ഗൂ​ഗിളെന്ന് അറിയപ്പെടുന്ന യാൻഡെക്സിന്റെ അഞ്ച് പ്രധാന ഡേറ്റ സെന്ററുകളിൽ മൂന്നെണ്ണവും യുക്രൈൻ ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ട്.

യാൻഡെക്സിന്റെ സേവനങ്ങളാണ് റഷ്യയിലെ ഭൂരിഭാ​ഗം ജനങ്ങളും ഉപയോ​ഗിക്കുന്നത്. യാൻഡെക്സിന്റെ ഡേറ്റ സെന്ററുകൾ ആക്രമിക്കപ്പെട്ടതോടെ ഈ സേവനങ്ങളിലെല്ലാം തടസം നേരിടുകയായിരുന്നു. ഡിജിറ്റൽ കീ സേവനം ഓഫ് ലൈൻ ആയതോടെ പലർക്കും സ്വന്തം വീടുകളിൽ പോലും പ്രവേശിക്കാനായില്ലെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളും മുടങ്ങി. ഇതോടെ പലർക്കും ഭക്ഷണവും സാധനങ്ങളും വാങ്ങാനായില്ല. ഓൺലൈൻ ഭക്ഷണവിതരണത്തെയും ബാധിച്ചു. വീട്ടുവാടക മുടങ്ങിയവരുമുണ്ട്. രാജ്യത്തെ ഓൺലൈൻ ടാക്സി സർവീസുകളും പ്രതിസന്ധിയിലായി. ചില സമയത്ത് ആപ്പിൽ എറർ മെസേജുകളാണ് കാണിച്ചതെന്നും വാഹനം ഓടിയതിന്റെയും ലഭിച്ച വാടകയുടെയും കണക്കുകൾ പോലും അറിയാൻ കഴിഞ്ഞില്ലെന്നും ടാക്സി ഡ്രൈവർമാർ പറഞ്ഞു. യാൻഡെക്സിന്റെ ടാക്സി ആപ്പിൽ ഒരാൾ ഒരു ടാക്സി ബുക്ക് ചെയ്താൽ അതേ ഉപഭോക്താവിനായി നിരവധി ടാക്സിൽ എത്തിച്ചേരുന്ന സ്ഥിതിയുണ്ടായെന്നും ഇത് ആപ്പിലെ തകരാർ കാരണമാണെന്നും ഡ്രൈവർമാർ പറഞ്ഞു.

അതേസമയം, യാൻഡെക്സിന്റെ ഭൂരിഭാ​ഗം സേവനങ്ങളും പഴയപടിയായെന്നാണ് റിപ്പോർട്ട്. ഡേറ്റ സെന്ററുകൾക്ക് നേരേയുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കില്ലെന്നും സേവനങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും യാൻഡെക്സ് അറിയിച്ചു. അതിനിടെ, യാൻഡെക്സ് ഡേറ്റ സെന്ററുകൾ ആക്രമിക്കപ്പെട്ടെന്ന പേരിൽ ചില ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡേറ്റ സെന്ററുകൾക്ക് തീപ്പിടിച്ചതിന്റെയും വൻതോതിൽ പുക ഉയരുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ, ഈ ​ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button