മാൾട്ടാ വാർത്തകൾ

ഇറ്റലിയിലെ ട്രക്കുടമകളുടേയും ഡ്രൈവർമാരുടേയും പ്രതിഷേധ സമരം; മാൾട്ടയിലെ യൂറോസ്പിൻ സൂപ്പർമാർക്കറ്റിലെ ഷെൽഫുകൾ കാലിയായി

ഇറ്റലിയിൽ ട്രക്കുടമകളും ഡ്രൈവർമാരും നടത്തുന്ന സമരത്തെ തുടർന്ന് ചരക്കുകൾ കൃത്യസമയത്ത് എത്താത്തതിനാൽ മാൾട്ടയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ യൂറോസ്പിന്നിൽ നിരവധി ഷെൽഫുകൾ കാലിയായി.

സൂപ്പർമാർക്കറ്റിൽ നിന്നുള്ള ചിത്രങ്ങളിൽ നീണ്ട നിരകളിലെ ഷെൽഫുകൾ മിക്കവാറും ഒഴിഞ്ഞുകിടക്കുന്നതായി കാണാം. ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന വിഭാഗങ്ങളിൽ ഏതാനും ബാഗുകൾ മാത്രമാണ് അവശേഷിക്കുന്നത്. ചില ചെസ്റ്റ് ഫ്രീസറുകളും ഇറച്ചി കൗണ്ടറുകളിലെ ട്രേകളും കാലിയായ നിലയിലാണ്. അതേസമയം, മറ്റു ചില വിഭാഗങ്ങളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണ്.

ഇറ്റലിയിൽ ഡീസൽ വില വർധിച്ചതിനെത്തുടർന്ന് ട്രക്കുടമകൾ നടത്തുന്ന പ്രതിഷേധ സമരമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലിഡ്ൽ, യൂറോസ്പിൻ തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾ പച്ചക്കറികൾ, മാംസം, പുതിയ ഭക്ഷ്യവസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വലിയൊരു ഭാഗം സിസിലിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

കഴിഞ്ഞ വാരാന്ത്യം മുതൽ തെക്കൻ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധ സമരം വ്യാപിച്ചിട്ടുണ്ട്. ഇന്ധനവില വർധിക്കുന്നത് ചരക്കുഗതാഗത കമ്പനികളെയും സ്വയംതൊഴിൽ ചെയ്യുന്ന ഡ്രൈവർമാരെയും കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കുകയാണെന്നും ഈ ഭാരം കുറയ്ക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

നേപ്പിൾസിലെ വാണിജ്യ തുറമുഖത്തേക്കുള്ള പ്രവേശനം ട്രക്ക് ഡ്രൈവർമാർ തടഞ്ഞു. കാലാബ്രിയ, ബസിലിക്കാറ്റ, പുഗ്ലിയ, സിസിലി എന്നീ പ്രദേശങ്ങളിലും റോഡ് ഉപരോധങ്ങളും പ്രതിഷേധങ്ങളും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ചരക്കുനീക്കം മന്ദഗതിയിലായതോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് പുതിയ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനാണ്.

സിസിലി, കംപാനിയ, കാലാബ്രിയ എന്നീ പ്രദേശങ്ങളിലെ ചിലയിടങ്ങളിൽ തൈര്, പാലുൽപ്പന്നങ്ങൾ, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിസിലിയിലെ വ്യാപാരികളെയും പുതിയ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയെയും മാത്രം കണക്കിലെടുത്താൽ അഞ്ച് ദിവസത്തെ തടസ്സം മൂലം 4 മുതൽ 5 കോടി യൂറോ വരെ നഷ്ടമുണ്ടായതായി വ്യാപാര സംഘടനയായ കോൺഫ്കൊമ്മെർഷ്യോ സിസിലിയ കണക്കാക്കുന്നു.

അഞ്ച് ദിവസത്തെ ചരക്കുനീക്ക തടസ്സത്തിന് നേതൃത്വം നൽകുന്ന സിസിലിയൻ ട്രക്കിങ് കമ്മിറ്റി, റോഡുകൾ തടയുകയല്ല തങ്ങൾ ചെയ്യുന്നതെന്നും കപ്പലുകളിൽ നിന്ന് ട്രെയിലറുകൾ ഇറക്കി കൊണ്ടുപോകാൻ വിസമ്മതിക്കുകയാണെന്നും വ്യക്തമാക്കി. ഗതാഗത മന്ത്രി മാറ്റെയോ സാൽവിനി താൻ നൽകിയ ഉറപ്പുകൾ ഔദ്യോഗികമായി ഒപ്പുവെക്കുന്നതുവരെ നടപടി തുടരുമെന്നും കമ്മിറ്റി അറിയിച്ചു.

ഇറ്റലിയുടെ ഉപപ്രധാനമന്ത്രി കൂടിയായ സാൽവിനി, ഗതാഗത മേഖലയ്ക്കായി ബജറ്റിൽ നേരത്തേ വകയിരുത്തിയ 43 കോടി യൂറോയുടെ ധനസഹായം ഈ ആഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ചു. അധിക ധനസഹായവും കപ്പൽഗതാഗതം പ്രോത്സാഹിപ്പിക്കുന്ന ‘മേറെബോളസ്’ പദ്ധതിക്കുള്ള സാമ്പത്തിക പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, ട്രക്കുടമകളുടെ സംഘടനയായ ട്രാസ്‌പോർട്ടൂണിറ്റോയും പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button