വിസാ അഭിമുഖങ്ങള്‍ ആഗോളതലത്തില്‍ നിര്‍ത്തിവെച്ച് യുഎസ്

വാഷിങ്ടൺ ഡിസി : യുഎസ്സിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി ട്രംപ് ഭരണകൂടം. കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വിസാ അഭിമുഖങ്ങളും മറ്റ് നടപടിക്രമങ്ങളും നിർത്തിവെച്ചു. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (98 ലക്ഷം രൂപയോളം) ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ വാർത്തയെത്തുന്നത്.
വിസാ അഭിമുഖത്തിനായി സമയംലഭിച്ച് കാത്തിരിക്കുന്നവർക്ക് അവരുടെ അപ്പോയിന്റ്മെന്റ് മാറ്റിവെച്ചതായി ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. അഭിമുഖത്തിന്റെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ, എത്ര കാലത്തേക്കാണ് വിസാ നടപടിക്രമങ്ങൾ നിർത്തിവെച്ചിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
2025-ൽ അധികാരമേറ്റതുമുതൽ രാജ്യത്തെ കുടിയേറ്റക്കാർക്കെതിരെ കർശനമായ നടപടികളാണ് രണ്ടാം ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. വിസയും ഗ്രീൻ കാർഡുകളും റദ്ദാക്കൽ, അപേക്ഷകൾ തള്ളിക്കളയൽ എന്നിവ ഉൾപ്പെടെയുള്ള കടുത്ത നടപടികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന പാലസ്തീന് ഐക്യദാർഢ്യവുമായി യുഎസ്സിലെ സർവകലാശാലകളിലും കോളേജുകളിലും പ്രതിഷേധിച്ച വിദ്യാർഥികളിൽ ചിലർക്കെതിരെയാണ് ഈ നടപടികൾ പ്രയോഗിച്ചത്. കൂടാതെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിനെ (ഐസിഇ) ഉപയോഗിച്ചുള്ള കുപ്രസിദ്ധമായ കൂട്ടനാടുകടത്തലുകൾക്കും റെയ്ഡുകൾക്കും ട്രംപ് നേരത്തേ ഉത്തരവിട്ടിരുന്നു.
അതേസമയം, എല്ലാ രാജ്യങ്ങളിലേയും യുഎസ് എംബസികളിലും കോൺസുലേറ്റുകളിലുമുള്ള ജീവനക്കാർക്കായി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിദേശകാര്യ വകുപ്പിന്റെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
എച്ച്-1ബി അധിക ഫീസ്
നിലവിലുള്ള ഫീസുകൾക്ക് പുറമേയാണ് ട്രംപ് ഭരണകൂടം എച്ച്-1ബി വിസാ അപേക്ഷകൾക്ക് ഒരുലക്ഷം ഡോളറിനുമേലെ അധിക ഫീസ് ഏർപ്പെടുത്തിയത്. യു.എസ്. സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ നേടിയവർക്ക് ലഭിക്കുന്ന ‘അഡ്വാൻസ്ഡ് ഡിഗ്രി എക്സംപ്ഷൻ’ വിഭാഗത്തിലെ അപേക്ഷകൾക്കും അധിക ഫീസ് ബാധകമാകും. എച്ച്-1ബി വിസയുടെ 70 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരാണെന്നിരിക്കേ, ഇന്ത്യൻ പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുന്നതാണീ തീരുമാനം.
നിലവിൽ പ്രതിവർഷം 65,000 എച്ച്-1ബി വിസകളാണ് സാധാരണ വിഭാഗത്തിൽ അനുവദിക്കുന്നത്. ഇതിനു പുറമേ യു.എസിൽനിന്ന് മാസ്റ്റേഴ്സോ അതിനുമുകളിലോ യോഗ്യത നേടിയവർക്ക് 20,000 വിസകൾ കൂടി അനുവദിക്കുന്നുണ്ട്. ഈ 85,000 വിസാ അപേക്ഷകളെയാണ് പുതിയ നിർദേശം ലക്ഷ്യമിടുന്നത്. ഈ പരിധിക്കുപുറത്തുള്ള അപേക്ഷകൾക്ക് ബാധകമല്ല. സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സമർപ്പിക്കുന്ന അപേക്ഷകൾ ഇതിൽ ഉൾപ്പെടും.
എച്ച്-1ബി അപേക്ഷകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പരിശോധന, ഫെഡറൽ ഏജൻസികളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന ചെലവ് തിരിച്ചുപിടിക്കാനാണ് ഫീസ് ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിലൂടെ പ്രതിവർഷം ഏകദേശം 880 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. നിർദേശം സംബന്ധിച്ച് ജനങ്ങളിൽനിന്ന് 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇതുപരിശോധിച്ച ശേഷമാകും അന്തിമതീരുമാനം.
കഴിഞ്ഞവർഷം എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർഫീസ് ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം പിന്നീട് കോടതി ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ചിരുന്നു.



