അന്തർദേശീയം

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും; 7 മരണം

മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും. അപകടത്തിൽ ആറ് ചൈനക്കാരുൾപ്പെടെ ഏഴുപേർ മരിച്ചു. ഒൻപതുപേരെ കാണാനില്ല. 152 പേർക്ക് പരിക്കുണ്ട്. ഇവരിൽ 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർ മേഖലയിലെ അമുർ ഗ്യാസ് കെമിക്കൽ പ്ലാന്റിനാണ് തീപ്പിടിച്ചത്. പ്ലാന്റിൽനിന്ന് വൻ തീജ്വാലകളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തെക്കുറിച്ച് റഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചു. വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചോ എന്നും ദുരന്തത്തിന്റെ യഥാർഥ കാരണമെന്താണെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

റഷ്യൻ പെട്രോകെമിക്കൽ കമ്പനിയായ സിബൂറും ചൈനയുടെ സിനോപെകും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഈ പ്രൊജക്റ്റ്. ഏകദേശം 10 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന ഈ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ പോളിഎഥിലിൻ, പോളിപ്രൊഫൈലിൻ നിർമാണ കേന്ദ്രങ്ങളിലൊന്നായി മാറാൻ ലക്ഷ്യമിട്ടുള്ളതാണ്. പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 2.3 ദശലക്ഷം ടൺ പോളിഎഥിലിനും 400,000 ടൺ പോളിപ്രൊഫൈലിനും ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.

സമീപത്തുള്ള അമുർ ഗ്യാസ് പ്രോസസിങ് പ്ലാന്റിൽനിന്നാണ് ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നത്. പ്രതിവർഷം രണ്ടുദശലക്ഷം ടൺ ഈഥെയ്‌നും 1.5 ദശലക്ഷം ടൺ എൽ.പി.ജി.യും ഇവിടെയെത്തിച്ച് പ്ലാസ്റ്റിക് നിർമാണത്തിനുള്ള വസ്തുക്കളാക്കി മാറ്റുകയാണ് പദ്ധതി. 325 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ വൻകിട സമുച്ചയംവഴി 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016-ൽ എൻജിനീയർമാരുടെ പരിശീലനത്തോടെ ആരംഭിച്ച പദ്ധതി 2024-ലാണ് കമ്മിഷനിങ് ഘട്ടത്തിലേക്ക് കടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button