മാൾട്ടാ വാർത്തകൾ

തെരുവുകൾ മദ്യശാലകളാകുന്നു; രാത്രികാല ആഘോഷങ്ങളിൽ പൊറുതിമുട്ടി വലെറ്റ നിവാസികൾ

വലെറ്റയിലുള്ള സ്ട്രെയ്റ്റ് സ്ട്രീറ്റിലെ അമിതമായ രാത്രികാല ആഘോഷങ്ങളും ശബ്ദമലിനീകരണവും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. പുലർച്ചെ തെരുവിലിറങ്ങുന്ന നിവാസികളെ കാത്തിരിക്കുന്നത് മദ്യക്കുപ്പികളും ഛർദ്ദിലും മാലിന്യങ്ങളുമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വലെറ്റയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇടുങ്ങിയ തെരുവുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാറുകളും മദ്യശാലകളുമാണ് പ്രദേശവാസികൾക്ക് വില്ലനാകുന്നത്. ചെറിയ മുറികളിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ആഘോഷങ്ങൾ, ഡിജെ സംഗീതം, ടിവി സ്ക്രീനുകൾ എന്നിവ റോഡുകളിലേക്ക് വരെ കയ്യേറുന്ന അവസ്ഥയാണ്. ജനവാസ മേഖലയായ ഇവിടെ വലിയ ശബ്ദത്തിൽ സംഗീതം വെയ്ക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.

കോവിഡിന് ശേഷം സംഗീതപരിപാടികൾ നടത്താനുള്ള സമയപരിധി രാത്രി 11 മണിയിൽ നിന്ന് പുലർച്ചെ 1 മണി വരെയായി സർക്കാർ നീട്ടി നൽകിയതാണ് സ്ഥിതി വഷളാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ പലപ്പോഴും പുലർച്ചെ 4 മണി വരെ അനിയന്ത്രിതമായ ശബ്ദത്തിൽ സംഗീതവും മദ്യപാനവും തുടരാറുണ്ട്. എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിച്ചോ ഇയർ പ്ലഗുകൾ ഉപയോഗിച്ചോ വീടുകൾക്കുള്ളിൽ സമാധാനമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവിടുത്തുകാർ പറയുന്നു.

പോലീസിൽ പരാതി നൽകിയാലും കൃത്യസമയത്ത് നടപടിയുണ്ടാകാറില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. പലപ്പോഴും പോലീസിനെ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും, ഇനി എടുത്താൽ തന്നെ ബാറുകൾ അടച്ച ശേഷം മാത്രമാണ് സംഘം സ്ഥലത്തെത്താറുള്ളതെന്നും ആരോപണമുണ്ട്. മാത്രവുമല്ല, പരാതി നൽകുന്നവരുടെ വീടുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണങ്ങളും അസഭ്യവർഷങ്ങളും ഉണ്ടാകുന്നതായും പരാതിയുണ്ട്.

സ്വീകി, സ്തീമ, സെന്റ് ജൂലിയൻസ് തുടങ്ങി മാൾട്ടയിലെ മറ്റ് മേഖലകൾക്ക് സമാനമായി വലെറ്റയും അനിയന്ത്രിതമായ നിശാപാർട്ടി സംസ്‌കാരത്തിന്റെ പിടിയിലാവുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button