യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഹാരി രാജകുമാരൻ കുടുംബസമേതം ബ്രിട്ടനിലേക്ക് മടങ്ങുന്നു

ലണ്ടൻ : യുഎസിലെ കലിഫോർണിയയിലേക്കു താമസം മാറ്റിയിരുന്ന ഹാരി രാജകുമാരൻ കുടുംബസമേതം ബ്രിട്ടനിലേക്കു മടങ്ങുമ്പോൾ നടി കൂടിയായ ഭാര്യ മേഗൻ അഭിനയത്തിലേക്കും തിരിച്ചെത്തുമെന്നു റിപ്പോർട്ടുകൾ. മക്കളായ ആർച്ചി (7)യെയും ലിലിബെറ്റി (5)നെയും ബ്രിട്ടനിലെ സ്കൂളിൽ ചേർത്തു കഴിഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ കുടുംബം ലണ്ടനിൽ തിരിച്ചെത്തും.
താമസം, സുരക്ഷ, ചുമതലകൾ ഇവ സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂത്തസഹോദരനായ വില്യം രാജകുമാരനുമായുണ്ടായിരുന്ന അടുത്ത ബന്ധം പുനഃസ്ഥാപിക്കാൻ ഹാരിക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണു ലോകം.
കുടുംബം ലണ്ടനു പുറത്ത് സ്വകാര്യ വസതിയിൽ താമസിക്കുമെന്നും കൊട്ടാര ചുമതലകൾ ഏറ്റെടുക്കില്ലെന്നുമാണ് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹാരിയുടെ പിതാവ് ചാൾസ് രാജാവ് (77) കാൻസർ ചികിത്സയിലാണ്.



