കെഎം മാൾട്ട എയർലൈൻസിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ ഉടൻ പുറത്തുവിടണം : നാഷണലിസ്റ്റ് പാർട്ടി

നാഷണൽ എയർലൈൻസിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടായിട്ടും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണെന്ന് ആരോപിച്ച്, കെഎം മാൾട്ട എയർലൈൻസിന്റെ (KM Malta Airlines) ഓഡിറ്റ് ചെയ്ത കണക്കുകൾ ഉടൻ പുറത്തുവിടണമെന്ന് പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN) ആവശ്യപ്പെട്ടു.
നികുതിദായകരുടെ 350 മില്യൺ യൂറോയുടെ ഇക്വിറ്റി നിക്ഷേപം, കൺസൾട്ടൻസി സേനങ്ങൾക്കായി ചെലവഴിച്ച 2.5 മില്യൺ യൂറോയിലധികം തുക, പാർലമെന്റിൽ വർഷങ്ങളായി ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത നിലപാട് എന്നിവ ചൂണ്ടിക്കാണിച്ചാണ് പാർട്ടി പ്രസ്താവന ഇറക്കിയത്. കെഎം മാൾട്ട എയർലൈൻസിന് ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടായതായി ‘ദി ഷിഫ്റ്റ് ന്യൂസ്’ പുറത്തുവിട്ട റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു നാഷണലിസ്റ്റ് പാർട്ടി. ഈ അവകാശവാദങ്ങൾ ശരിയാണോ എന്ന് വ്യക്തമാക്കാൻ എയർലൈൻസിന്റെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ ഉടൻ പ്രസിദ്ധീകരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മാർച്ച് മുതൽ എയർലൈൻസിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും എംപിമാർ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക വർഷം പൂർത്തിയായി ഓഡിറ്റിംഗ് കഴിഞ്ഞ ശേഷമേ വിവരങ്ങൾ ലഭ്യമാക്കൂ എന്ന മറുപടിയാണ് സർക്കാരിൽ നിന്ന് ലഭിച്ചത്. തുടർന്ന് നവംബറിലും ജനുവരിയിലും അക്കൗണ്ടുകൾ പ്രസിദ്ധീകരിക്കുന്ന തീയതിയെക്കുറിച്ചും മാൾട്ട ബിസിനസ് രജിസ്ട്രിയിൽ (MBR) വിവരങ്ങൾ സമർപ്പിക്കാത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നപ്പോഴും മന്ത്രിമാർ മറുപടി നൽകുന്നത് നീട്ടിവെക്കുകയാണുണ്ടായത്. കമ്പനീസ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും പാർട്ടി ചോദ്യം ചെയ്തു.
പൊതുജനങ്ങളുടെ പണം വൻതോതിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് പാർട്ടി വ്യക്തമാക്കി. ഓഡിറ്റർ ജനറലിന്റെ 2024-ലെ റിപ്പോർട്ട് പ്രകാരം കെഎം മാൾട്ട എയർലൈൻസിലെ സർക്കാറിന്റെ ഇക്വിറ്റി പങ്കാളിത്തം 350 മില്യൺ യൂറോയായി ഉയർന്നിട്ടുണ്ട്. തങ്ങളുടെ പണം കൃത്യമായ പ്ലാൻ അനുസരിച്ചാണോ ഉപയോഗിക്കുന്നതെന്ന് അറിയാൻ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും അവകാശമുണ്ടെന്ന് നാഷണലിസ്റ്റ് പാർട്ടി ഓർമ്മിപ്പിച്ചു.
കൂടാതെ, ബിസിനസ് പ്ലാൻ നടപ്പിലാക്കുന്നതിനും സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനുമായി ഒരു കൺസൾട്ടൻസി ഫേമിന് 2,518,664 യൂറോ നൽകിയതായി മറ്റൊരു പാർലമെന്ററി ചോദ്യത്തിന് ലഭിച്ച മറുപടിയിൽ വ്യക്തമായിരുന്നു. ഇത്രയും തുക ചെലവാക്കിയ സ്ഥിതിക്ക് അതിന്റെ ഫലം കാണാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാർട്ടി പറഞ്ഞു.
എയർലൈൻസിന്റെ 30% മുതൽ 35% വരെ ഓഹരികൾ ഒരു സ്വകാര്യ തന്ത്രപ്രധാന നിക്ഷേപകന് (Strategic Investor) വിൽക്കാനുള്ള നീക്കങ്ങളെക്കുറിച്ചും പാർട്ടി ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ റിപ്പോർട്ടുകൾ ഈ പ്രക്രിയ എത്രത്തോളം മുന്നോട്ട് പോയി എന്നതിലും അനുയോജ്യരായ നിക്ഷേപകരെ ലഭിച്ചിട്ടുണ്ടോ എന്നതിലും സംശയം ഉണ്ടാക്കുന്നതാണെന്ന് പാർട്ടി കൂട്ടിച്ചേർത്തു.
ദേശീയ എയർലൈനിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിൽ സുതാര്യതയും ഉത്തരവാദിത്തമുള്ള മാനേജ്മെന്റും വേണമെന്ന് പാർട്ടി വ്യക്തമാക്കി. സുതാര്യത എന്നത് എയർലൈനിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് കമ്പനിയെയും തൊഴിലാളികളെയും പൊതുമുതലെയു സംരക്ഷിക്കാനുള്ള വഴിയാണെന്ന് പാർട്ടി പ്രസ്താവിച്ചു.
കെഎം മാൾട്ട എയർലൈൻസിന്റെ ഓഡിറ്റ് ചെയ്ത കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കുക, കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുക, അക്കൗണ്ടുകൾ വൈകുന്നതിനുള്ള കാരണം വിശദീകരിക്കുക, ഓഹരി വിൽപ്പനയുടെ പുരോഗതി അറിയിക്കുക തുടങ്ങിയ ആവശ്യങ്ങൾ പാർട്ടി മുന്നോട്ടുവെച്ചു. ഷാഡോ ഫിനാൻസ് മിനിസ്റ്റർ അഡ്രിയാൻ ഡെലിയ, ഷാഡോ സസ്റ്റൈനബിൾ മൊബിലിറ്റി മിനിസ്റ്റർ ഇവാൻ കാസ്റ്റിലോ, ഏവിയേഷൻ വക്താവ് ജോൺ ബാപ്റ്റിസ്റ്റ് കാമിലേരി എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.



