കേരളം

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

കൊച്ചി : ഇന്ന് അത്തം. ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. ഇനിയുള്ള പതിനൊന്നുനാളുകൾ മലയാളിയുടെ മനസ്സിനകത്തും പുറത്തും പൂക്കാലമാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതൽക്കാണ്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നും ഐതിഹ്യമുണ്ട്.

മഴ തോർന്ന്, വെയിൽ പരക്കുമ്പോൾ തൊടികളിൽ പൂമൊട്ടുകളുടെ പുഞ്ചിരി കാണാം. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ചിങ്ങമാസത്തിലെ അത്തത്തിലാണ് സാധാരണഗതിയിൽ ഓണാഘോഷത്തിന്റെ ആരംഭമെങ്കിലും ഇത്തവണ അത്തം കർക്കടകം മുപ്പത്തിയൊന്നിനാണ്. ചിങ്ങത്തിൽ തന്നെ തിരുവോണം ആഘോഷിക്കേണ്ടതിനാലാണ് കർക്കടകത്തിലെ അത്തം മുതൽ ഓണാഘോഷം തുടങ്ങുന്നത്. അതുപ്രകാരം അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ തിരുവോണം. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാതിരുന്ന, സമ്പൽസമൃദ്ധമായ കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓണക്കാലവും.

തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവും ചെണ്ടുമല്ലിയുമൊക്കെ പൂക്കളങ്ങളിൽ നിറയുമ്പോൾ നിറവും സൗരഭ്യവും പരക്കുന്നത് മലയാളി മനസ്സുകളിൽ കൂടിയാണ്. കാർഷികസംസ്‌കൃതിയുടെ പഴയ നല്ല നാളുകളുടെ ഓർമ്മകളിലേക്കുള്ള ഒരു സഞ്ചാരം കൂടിയാണ് നമുക്ക് ഓണദിനങ്ങൾ. ഓണത്തിന്റെ നിറസമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും കടക്കുമ്പോൾ കഷ്ടനഷ്ടങ്ങളുടെ വേദനകൾ അനുഭവിക്കുന്നവരെ നാം കാണാതിരുന്നു കൂടാ. അവരെക്കൂടി പ്രാർത്ഥനകളിൽ ഉൾച്ചേർത്തു കൊണ്ടാകട്ടെ നമ്മുടെ ഓണാഘോഷം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button