അങ്കാറയിലെ നാടകീയ നീക്കങ്ങൾ സുരക്ഷാ ഭീഷണിയെത്തുടർന്ന് : ട്രംപ്

വാഷിങ്ടൺ ഡിസി : തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ വധശ്രമത്തിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ട്രംപിന്റെ ലൊക്കേഷൻ വരെ ഇറാന്റെ ഏജന്റുമാർ കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ട്രംപിനെ അങ്കാറയിൽനിന്ന് മാറ്റിയത്.
ട്രംപ് സഞ്ചരിക്കേണ്ട ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണി’ന് നേരെ മിസൈൽ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യ വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ട്രംപിന്റെ ഓരോ നീക്കവും ഇറാൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന വിവരം അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംപ് താമസിച്ചിരുന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചും കെട്ടിടത്തിലെ ഏത് നിലയിലാണ് അദ്ദേഹം ഉള്ളതെന്നതിനെക്കുറിച്ചും ഇറാന്റെ ഏജന്റുമാർക്ക് അറിവുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരം ലഭിച്ചു.
ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാളെ കണ്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സുരക്ഷാ വിഭാഗം വിമാനം മാറ്റാൻ തീരുമാനിച്ചത്. ഖത്തർ നൽകിയ പുതിയ വിമാനത്തിലായിരുന്നു ട്രംപ് അങ്കാറയിലെത്തിയതെങ്കിലും മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അതിൽ പൂർണമല്ലാതിരുന്നതും വിമാനം മാറ്റാൻ കാരണമായി.
ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ നാടകീയനീക്കങ്ങളാണ് പിന്നീട് അങ്കാറ വിമാനത്താവളത്തിൽ നടന്നത്. നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങാൻ ജൂലായ് എട്ടിന് വിമാനത്താവളത്തിലെത്തിയ ട്രംപ്, ക്യാമറകൾക്ക് മുന്നിൽവെച്ച് പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറി. എന്നാൽ, ആരും കാണാതെ അദ്ദേഹത്തെ രഹസ്യമായി പുറത്തെത്തിച്ചു. തുടർന്ന് കേറ്ററിങ് ട്രക്കിനുള്ളിൽ ഒളിപ്പിച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതെ അദ്ദേഹത്തെ സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.
മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും ട്രംപ് പഴയ വിമാനത്തിൽ തന്നെ ഉണ്ടെന്നാണ് കരുതിയിരുന്നത്. ട്രംപ് വിമാനം മാറിയ വിവരം ഇവർ അറിഞ്ഞിരുന്നില്ല. വിമാനത്തിന്റെ ജനൽ കർട്ടനുകൾ താഴ്ത്തിയിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് കർശന നിർദേശം നൽകി. ട്രംപ് ഈ വിമാനത്തിൽ തന്നെ ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് ഇങ്ങനെ ചെയ്തത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിനൊപ്പം അതീവ രഹസ്യമായി ഈ ചെറിയ വിമാനത്തിലാണ് യാത്ര തിരിച്ചത്.
തുർക്കിയിൽ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് താൻ വിമാനം മാറി യാത്ര ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും നിർദേശപ്രകാരമാണ് ഈ മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് നിരവധി ഭീഷണികൾ നിലവിലുണ്ടെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ഒരു പ്രസിഡന്റിന് ഇത്തരം വെല്ലുവിളികൾ സ്വാഭാവികമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.



