അന്തർദേശീയം

സ്വകാര്യ സ്വത്ത് നിയമത്തിനെതിരെ അർജന്റീനയിൽ വൻ പ്രതിഷേധം

ബ്യൂണസ് അയേഴ്സ് : പ്രസിഡന്റ് ഹാവിയർ മിലെയ് സർക്കാരിന്റെ പുതിയ ‘സ്വകാര്യ സ്വത്ത് സംരക്ഷണ’ബില്ലിനെതിരെ അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ വൻ പ്രതിഷേധം. നാഷണൽ കോൺഗ്രസ് മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും ജല പീരങ്കികളും പ്രയോഗിച്ചു. ജനക്കൂട്ടത്തിൽ ചിലർ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. അക്രമ സംഭവങ്ങളിൽ രണ്ട് പോലീസുകാർക്കും ഒരു പ്രതിഷേധക്കാരനും പരിക്കേൽക്കുകയും പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് മണിക്കൂറിലേറെ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോൺഗ്രസ് സ്ക്വയർ സുരക്ഷാ സേന പൂർണ്ണമായും ഒഴിപ്പിച്ചത്.

വിവിധ തൊഴിലാളി യൂണിയനുകൾ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ‘മാതൃരാജ്യം വില്പനയ്ക്കുള്ളതല്ല’ എന്നെഴുതിയ പ്ലക്കാർഡുകളും ദേശീയ പതാകകളും ഏന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ബിൽ സെനറ്റിന്റെ പരിഗണനയ്‌ക്ക് വന്നതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.

സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ നിന്ന് സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തൽ, വാടക നൽകാത്തവരെ വേഗത്തിൽ ഒഴിപ്പിക്കൽ, കാട്ടുതീ ബാധിത കൃഷിഭൂമികളുടെ ഉപയോഗവും വിൽപ്പനയും സംബന്ധിച്ച നിയന്ത്രണങ്ങൾ ലഘൂകരിക്കൽ എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്നാണ് മിലെയ് സർക്കാരിന്റെ വാദം.

എന്നാൽ, ബില്ലിലെ വിദേശികൾക്ക് കാർഷിക ഭൂമി വാങ്ങുന്നതിനുള്ള പരിധി 15 ശതമാനത്തിൽ നിന്ന് ഉയർത്താനുള്ള നിർദ്ദേശം വ്യാപകമായ എതിർപ്പിനെ തുടർന്ന് ഭരണകൂടം താൽക്കാലികമായി പിൻവലിച്ചിരുന്നു. എങ്കിലും, നിയമനിർമ്മാണം പൂർണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പ്രതിഷേധം തുടരുന്നത്. ബില്ലിന്മേലുള്ള തുടർ ചർച്ചകൾ സെനറ്റിലും പ്രതിനിധി സഭയിലും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button