യുഎസിൽ കാമുകിയെ കൊലപ്പെടുത്തി മുങ്ങി; ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ പിടിയിൽ

ബെർലിൻ : യുഎസ് അരിസോണയിൽ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ അറസ്റ്റിലായി. വരുണ്‍ ബച്ചിഗാരി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അരിസോണയിലെ ട്യൂസണിൽ വ്യാഴാഴ്ച വൈകീട്ടാണ് വരുണിന്റെ കാമുകിയും കോളജ് വിദ്യാർഥിയുമായ ജുലിസ റൂബി സലാസറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകൻ വരുണാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
യുഎസിൽ നിന്ന് വിമാനത്തിൽ ജർമനിയിലേക്ക് കടന്ന വരുണ്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ വരുണിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ ജർമനിയിൽ എത്തിയ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് പോകാനുള്ള ശ്രമം തടയുകയും ചെയ്തു.
ട്യൂസൺ പൊലീസ് ഡിപ്പാർട്ട്മെന്റ്, എഫ്.ബി.ഐ ട്യൂസൺ ഓഫീസ്, ബെർലിൻ എഫ്.ബി.ഐ ലീഗൽ അറ്റാഷെ ഓഫീസ് എന്നിവയുടെ സഹായത്തോടെയാണ് അറസ്റ്റ് നടന്നതെന്ന് അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്ന് വരുണിനെ അരിസോണയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ശേഷം വരുണിനെ കസ്റ്റഡിയിലെടുക്കും. യൂനിവേഴ്സിറ്റി ഓഫ് അരിസോണയിൽ ബിസിനസ് അനലിറ്റിക്സ് പഠിക്കുകയായിരുന്ന വരുണിനെ വഴക്കുണ്ടാക്കിയതിനെ തുടർന്ന് യൂനിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കിയിരുന്നു.



