മാൾട്ടാ വാർത്തകൾ

വ്യാപകമായ വൈദ്യുത തടസ്സത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചർച്ച് കമ്മീഷൻ

മാൾട്ടയിലുടനീളം ഉണ്ടാകുന്ന വ്യാപകമായ വൈദ്യുത തടസ്സങ്ങളിൽ കത്തോലിക്കാ സഭയുടെ ‘ഇന്റർഡയോസിസൻ കമ്മീഷൻ ഫോർ ദി പ്രൊമോഷൻ ഓഫ് ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ്’ ആശങ്ക രേഖപ്പെടുത്തി. ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി മുടക്കം ഒരു സാധാരണ ബുദ്ധിമുട്ട് എന്നതിലുപരി പൊതുജനാരോഗ്യത്തെ ബാധിക്കുകയും മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തലത്തിലേക്ക് മാറിയെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കടുത്ത ഉഷ്ണതരംഗത്തിനിടയിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെടുന്നത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രായമായവരും മാറാരോഗമുള്ളവരും വലിയ ആരോഗ്യപ്രതിസന്ധിയാണ് നേരിടുന്നത്. ശരിയായ വിശ്രമം ലഭിക്കാതെയാണ് പല തൊഴിലാളികളും ജോലിക്കെത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തടവുകാർ, അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും, കടുത്ത ചൂട് ഇത്തരം കേന്ദ്രങ്ങളിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.

നിലവിലെ സാഹചര്യത്തെ ഒരു ദേശീയ പ്രാധാന്യമുള്ള വിഷയമായി പരിഗണിക്കണമെന്ന് കമ്മീഷൻ പ്രസിഡന്റ് മാർക്ക് കാച്ചിയ ആവശ്യപ്പെട്ടു. ആവർത്തിച്ചുള്ള അടിസ്ഥാന സൗകര്യ തകരാറുകൾക്ക് താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തി മുന്നോട്ട് പോകാൻ മാൾട്ടയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“താൽക്കാലിക പരിഹാരങ്ങൾക്ക് ശേഷം വീണ്ടും അടിയന്തിര സാഹചര്യങ്ങളിലേക്ക് കൂപ്പുകുത്തുന്ന രീതിയിൽ മാൾട്ടയ്ക്ക് മുന്നോട്ട് പോകാനാകില്ല,” മാർക്ക് കാച്ചിയ പറഞ്ഞു. “വൈദ്യുതി പുനഃസ്ഥാപിക്കാൻ സാങ്കേതിക പ്രവർത്തകർ അഹോരാത്രം പണിയെടുക്കുന്നത് അഭിനന്ദനാർഹമാണ്. എന്നാൽ അടിയന്തര അറ്റകുറ്റപ്പണികൾ രാജ്യത്തിന്റെ ദീർഘകാല തന്ത്രമാകരുത്. തടസ്സമില്ലാത്ത അവശ്യസേവനങ്ങൾ ലഭിക്കാനും ഇന്നത്തെയും നാളത്തെയും വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ശേഷിയുണ്ടെന്ന ഉറപ്പു ലഭിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്.”

നിലവിലെ പ്രതിസന്ധി വർഷങ്ങളായി രൂപപ്പെട്ടതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ജനസംഖ്യാ വർദ്ധനവ്, വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത, സാമ്പത്തിക വളർച്ച, റെക്കോർഡ് ടൂറിസം, മഴക്കുറവിനൊപ്പം അടിക്കടിയുണ്ടാകുന്ന കഠിനമായ ഉഷ്ണതരംഗം എന്നിവയാണ് ഇതിന് കാരണം. ഈ വെല്ലുവിളികൾ നേരത്തെ തന്നെ വ്യക്തമായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി വികസിപ്പിക്കുന്നതിൽ ആസൂത്രണ തടസ്സം നേരിട്ടെന്നും സംവിധാനങ്ങൾ തകരാറിലായ ശേഷമാണ് അധികൃതർ ഇടപെടുന്നതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം ഇനി ദൂരെയുള്ള ഒരു സൈദ്ധാന്തിക വിഷയമല്ലെന്ന് മുന്നറിയിപ്പ് നൽകിയ സഭ, അത് മാൾട്ടയിലെ ജീവിതത്തെ ഇതിനകം ബാധിച്ചു തുടങ്ങിയെന്നും രാജ്യത്തിന്റെ ബലഹീനത തുറന്നുകാട്ടുന്നുവെന്നും വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയെ ഒരു വഴിത്തിരിവായി കാണണം. കാലാവസ്ഥാ പ്രതിരോധം, ഊർജ്ജ സുരക്ഷ, മാൾട്ടയുടെ ദീർഘകാല ഭാവി എന്നിവയെക്കുറിച്ച് വിപുലമായ ദേശീയ ചർച്ചയ്ക്ക് കമ്മീഷൻ ആഹ്വാനം ചെയ്തു.

സർക്കാർ, ബിസിനസ്സ് സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി, വിദഗ്ദ്ധർ എന്നിവരെ ഒരുമിച്ച് അണിനിരത്തി ഊർജ്ജ-കുടിവെള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പുനരുപയോഗ ഊർജ്ജ നിക്ഷേപം വേഗത്തിലാക്കുക, കടുത്ത ചൂട് കുറയ്ക്കുന്നതിനായി മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ഹരിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെച്ചു.

നിലവിലെ സാമ്പത്തിക വളർച്ചാ മാതൃക മാൾട്ടയ്ക്ക് അനുയോജ്യമാണോ എന്ന് പുനർചിന്തനം ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. “വരുംതലമുറകളുടെ ക്ഷേമവും പൊതുനന്മയും സംരക്ഷിക്കുന്നതിനായുള്ള ദീർഘകാല തീരുമാനങ്ങൾ എടുക്കാൻ രാജ്യത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയും ധൈര്യവും ആവശ്യമാണ്,” കമ്മീഷൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button