മോസ്റ്റയിലെ യുദ്ധകാല ബങ്കറിൻറെ ഗേറ്റ് തകർത്ത നിലയിൽ; ഗുരുതര ആരോഗ്യഭീഷണി ഉയർത്തി ആസ്ബെസ്റ്റോസ് ഷീറ്റുകളുടെ അപകടകരമായ വസ്തുക്കൾ പുറത്ത്

മോസ്തയിലെ ആർട്സ് ബിൽഡിംഗിന് സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ ബങ്കർ സാമൂഹ്യവിരുദ്ധർ തകർത്തു. ആസ്ബസ്റ്റോസ് പാളികൾ നിറഞ്ഞ ബങ്കറിലേക്ക് പ്രവേശിക്കാൻ ഗേറ്റ് തകർത്ത നിലയിലാണ്. ഇത് ആസ്ബെസ്റ്റോസ് (Asbestos) പുറത്തുകാണുന്ന അപകടകരമായ ബങ്കറിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. ഈ ബങ്കറിലേക്ക് പ്രവേശിക്കുന്നത് ഗുരുതര ആരോഗ്യഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ശീതയുദ്ധകാലത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ അഭയകേന്ദ്രം, അണുബോംബ് ആക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കമാൻഡ് പോസ്റ്റായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വികിരണങ്ങളെ പ്രതിരോധിക്കാൻ പാറ തുരന്ന് നിർമ്മിച്ച ഈ ബങ്കറിൽ ശുദ്ധവായു ലഭിക്കാനുള്ള ഫിൽട്ടറേഷൻ സംവിധാനവും സജ്ജീകരിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ ദ്വീപ് വിട്ടതോടെ ഈ കേന്ദ്രം ഉപേക്ഷിക്കപ്പെടുകയും പിന്നീട് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയും ചെയ്തു.
ബങ്കറിനുള്ളിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്ന് അപകടകരമായ പദാർത്ഥങ്ങൾ പുറത്തുതള്ളുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അടുത്തിടെ ഈ സ്ഥലം സന്ദർശിച്ച ഒരു പര്യവേക്ഷകൻ സമൂഹമാധ്യമങ്ങളിലൂടെ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയതോടെയാണ് വിഷയം വീണ്ടും പൊതുജന ശ്രദ്ധയിൽപ്പെട്ടത്.
ബങ്കറിന്റെ പ്രധാന പ്രവേശന കവാടത്തിലുള്ള തുരുമ്പിച്ച ഇരുമ്പ് ഗേറ്റിന്റെ ഒരു ബാർ വെട്ടിപ്പൊളിച്ച്, ആളുകൾക്ക് അകത്തേക്ക് കടക്കാൻ പാകത്തിൽ വലുതാക്കിയിട്ടുണ്ട്. ഉള്ളിലെ ചുമരുകൾ മുഴുവൻ ഗ്രാഫിറ്റികൾ കൊണ്ട് നിറച്ചിരിക്കുകയാണ്. പൊളിഞ്ഞുകിടക്കുന്ന വെളുത്ത ഷീറ്റുകളും അതിനുള്ളിലെ ഇരുമ്പ് ദണ്ഡുകളും തുറന്നുകിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. സമീപത്തുള്ള എം.സി.എ.എസ്.ടി (MCAST) ആർട്സ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ നേരത്തെ ഇവിടെ പ്രവേശിച്ചിരുന്നു. ഇതേതുടർന്ന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രവേശന കവാടം വെൽഡിംഗ് ചെയ്ത് അടച്ചിരുന്നു.
ബങ്കർ നേരത്തെ തന്നെ അടച്ചിട്ടിരുന്നതാണെന്നും എന്നാൽ തുടർച്ചയായുള്ള അക്രമണങ്ങൾ മൂലമാണ് അത് തകർക്കപ്പെട്ടതെന്നും ഗേറ്റ് വെട്ടിപ്പൊളിച്ച സംഭവത്തിൽ കരാറുകാരന് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിഷയത്തിൽ പ്രതികരിച്ച മോസ്ത മേയർ ജോസഫ് ഗാറ്റ് അറിയിച്ചു.
“ഈ സ്ഥലം സുരക്ഷിതമാക്കാൻ ഞങ്ങൾ നടപടി എടുത്തിട്ടുണ്ട്. ബങ്കറിന് ചുറ്റും ഒരു ഇരുമ്പ് ഷട്ടർ സ്ഥാപിക്കാനാണ് പദ്ധതി. അതുവഴി അനധികൃതമായ കടന്നുകയറ്റം പൂർണ്ണമായും അവസാനിപ്പിക്കാൻ സാധിക്കും,” മേയർ പറഞ്ഞു



