ഇവാൻ ഫാൽസൺ ലേബർ പാർട്ടിയുടെ പുതിയ സിഇഓ

ലേബർ പാർട്ടി ഇവാൻ ഫാൽസണിനെ (Ivan Falzon) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആയി നിയമിച്ചു. നിയമനം ഉടൻ പ്രാബല്യത്തിൽ വന്നതായി പാർട്ടി അറിയിച്ചു.
നിലവിൽ ട്രാൻസ്‌പോർട്ട് മാൾട്ടയുടെ സിഇഒയായി നിയമിതനായ ലിയോണിഡ് മക്കെയ്ക്ക് (Leonid McKay) പകരമായാണ് ഫാൽസൺ ചുമതലയേൽക്കുന്നത്.
ഇൻഫ്രാസ്ട്രക്ചർ മാൾട്ട, വാട്ടർ സർവീസസ് കോർപ്പറേഷൻ, മാറ്റർ ദെയ് ആശുപത്രി എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് ഫാൽസൺ എന്ന് ലേബർ പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രൊഫഷണലിസം, മികച്ച മാനേജ്മെന്റ് കഴിവ്, നവീകരണത്തിനും കാര്യക്ഷമതയ്ക്കുമുള്ള പ്രതിബദ്ധത എന്നിവയാണ് ശ്രദ്ധേയമാക്കുന്നതെന്നും പാർട്ടി കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ആഭ്യന്തര സംവിധാനങ്ങളുടെ നവീകരണം തുടരുന്നതിനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, മാൾട്ടയിലെയും ഗോസോയിലെയും ജനങ്ങൾക്ക് മികച്ച സേവനം നൽകാനുള്ള ലക്ഷ്യം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിയമനമെന്ന് ലേബർ പാർട്ടി അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ച ലിയോണിഡ് മക്കെയുടെ പ്രവർത്തനങ്ങൾക്കും പാർട്ടി നന്ദി രേഖപ്പെടുത്തി.
പാർട്ടിയിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും സുപ്രധാന പദ്ധതികൾക്കും സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നതിലും, ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയതിലും മക്കെയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.



