അന്തർദേശീയം

അമേരിക്കയുടെ വ്യോമ-നാവിക താവളങ്ങളടക്കം 21 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ഇറാൻ ആക്രമണം

ടെഹ്റാൻ : അമേരിക്കയുടെ വ്യോമ-നാവിക താവളങ്ങളടക്കം 21 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തിയതായി ഇറാൻ. ആക്രമണത്തിൽ യുഎസിന്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകൾ തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ജോർദാനിലെ അൽ-അസ്രഖ് താവളത്തിലുള്ള യു.എസ്. സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഉൾപ്പെടെ നാല് പ്രധാന കേന്ദ്രങ്ങൾ പൂർണമായും തകർത്തതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ജോർദാനിലെ മുവാഫഖ് സാൽതി വ്യോമതാവളത്തിനുനേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി.

കുവൈത്തിലെ അലി അൽ സലേം താവളത്തിനുനേരെയും ഡ്രോൺ ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി. വ്യക്തമാക്കി. കുവൈത്തിലും ബഹ്‌റൈനിലും വീണ്ടും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും ഇവിടുത്തെ യുഎസ് താവളങ്ങൾ വീണ്ടും ലക്ഷ്യമിട്ടതായും ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിനുനേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ.ആർ.ജി.സി. ഏറ്റെടുത്തിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ടരയോടെ ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനുനേരെ ഇറാൻ നാവികസേന ഡ്രോൺ ആക്രമണം നടത്തിയത്. തെക്കൻ ഇറാനിലെ പല കേന്ദ്രങ്ങൾക്കുനേരെ കഴിഞ്ഞദിവസം അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഐ.ആർ.ജി.സി. പ്രസ്താവനയിൽ അറിയിച്ചു. ഇറാന്റെ ജാം നഗരത്തിന് മുകളിലെ ആകാശത്തു വെച്ച് അമേരിക്കയുടെ എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തുറമുഖങ്ങൾക്കും ദ്വീപുകൾക്കുംനേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാന്റെ ആക്രമണം. ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം ഇറാന്റെ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ബഹ്‌റൈനും കുവൈത്തും ജോർദാനും അവകാശപ്പെട്ടു.

അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ ഇറാൻ തീരത്തുള്ള തുറമുഖങ്ങൾക്കും ഖേഷ്ം ദ്വീപിനും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാന്റെ പുതിയ സൈനിക നടപടി.

അമേരിക്കയുടെ ഏത് സൈനിക നടപടിക്കും ‘ശക്തവും നിർണായകവുമായ’ മറുപടി നൽകാൻ തങ്ങളുടെ സേന പൂർണസജ്ജമാണെന്നും, മേഖലയിലെ സംഘർഷങ്ങൾ വഷളായാൽ അതിന്റെ പൂർണഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ സംഭവത്തിൽ അമേരിക്കൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇറാനിൽനിന്ന് അസ്രഖിലേക്ക് തൊടുത്ത അഞ്ച് മിസൈലുകൾ തങ്ങൾ ആകാശത്തുവെച്ച് തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജോർദാൻ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തങ്ങളുടെ ആകാശപരിധിയിൽ കണ്ടെത്തിയ ‘ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ’ പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് സൈന്യം വ്യക്തമാക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button