മക്കയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ മക്കയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും മക്കയിലെ സജീവ കെ.എം.സി.സി പ്രവർത്തകനുമായ പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അസീസിയയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തായിരുന്നു അപകടം. മുറിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് കുഞ്ഞിക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തിൽ മരിച്ചതായാണ് വിവരം.
മക്കയിലെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വേർപാട് പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി. പിതാവ്: പരേതനായ എം.ടി. അമീർ അലി. മാതാവ്: പി.പി. സഫിയത്ത്. സഹോദരങ്ങൾ: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ. മുത്തച്ഛൻ: ആറിൽ മഹ്മൂദ് ഹാജി. നിലവിൽ മൃതദേഹം മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികളും ബന്ധുക്കളും അറിയിച്ചു.



