അന്തർദേശീയം

മെക്സിക്കന്‍ ഗവർണർക്കെതിരെ മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

ന്യൂയോര്‍ക്ക് : മെക്സിക്കൻ സംസ്ഥാനമായ സിനലോവ ഗവർണർ റൂബൻ റോച്ച മോയയ്ക്കെതിരെ മയക്കുമരുന്ന് കടത്തിന് അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയായ ‘സിനലോവ കാർട്ടലുമായി’ ചേർന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിനും ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഗവർണർ ഉൾപ്പെടെയുള്ള പത്ത് മെക്സിക്കൻ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് യുഎസ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. റൂബൻ റോച്ചയെ കൂടാതെ ഒരു മെക്സിക്കൻ സെനറ്റർ, കുലിയാക്കൻ മേയർ, മുൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
രാഷ്ട്രീയ പിന്തുണയ്ക്കും കൈക്കൂലിക്കുമായി സിനലോവ കാർട്ടലിലെ ‘ലോസ് ചാപ്പിറ്റോസ്’ വിഭാഗത്തെ സഹായിച്ചുവെന്നാണ് ആരോപണം.

2021ലെ തന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോച്ച മോയ കാർട്ടൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, അധികാരത്തിൽ വന്നാൽ മയക്കുമരുന്ന് ഇടപാടുകൾക്ക് സംരക്ഷണം നൽകാമെന്ന് ഉറപ്പുനൽകിയതായും യുഎസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ 40 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് മെക്സിക്കോയുടെ രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള ആസൂത്രിതമായ നീക്കമാണെന്നും റൂബൻ റോച്ച മോയ പ്രതികരിച്ചു. അമേരിക്ക കൈമാറിയ രേഖകളിൽ കൃത്യമായ തെളിവുകളില്ലെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button