Uncategorized

റിയാദിൽ പ്ലസ് വൺ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി വിദ്യാർഥി മരിച്ചു

റിയാദ് : പത്താം ക്ലാസ് വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ യൂണിഫോമണിഞ്ഞ് തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി വിദ്യാർഥി മരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഹനീൻ അബ്ദുസമദ് (15) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഹനീൻ മൂന്നാഴ്ചയായി റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹനീൻ മരണത്തിന് കീഴടങ്ങിയത്. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും, റിയാദിലെ അമീറ നൂറ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ഷയീന്‍റെയും മകനാണ്. ഏപ്രിൽ അഞ്ചിനായിരുന്നു പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. പത്താം ക്ലാസ് മികച്ച വിജയത്തോടെ പൂർത്തിയാക്കിയ ഹനീൻ വലിയ പ്രതീക്ഷകളോടെയായിരുന്നു ആദ്യ ദിവസം സ്കൂളിലേക്ക് പോകാൻ തയ്യാറെടുത്തത്. യൂണിഫോമണിഞ്ഞ് ഇറങ്ങാൻ തുടങ്ങവെ വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അമീറ നൂറ യൂണിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

പത്താം ക്ലാസ് കഴിഞ്ഞ് പിതാവും സഹോദരനും നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടായി റിയാദിൽ തുടരാൻ തീരുമാനിച്ച ഹനീൻ കുടുംബത്തിന്റെ വലിയ താങ്ങായിരുന്നു. പഠനത്തിന് പുറമെ ഫുട്ബാളിലും ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും ഹനീൻ ഏറെ താല്പര്യം കാണിച്ചിരുന്നു. സഹോദരങ്ങൾ: ഹാദി അബ്ദുറഹ്‌മാൻ (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി), ഹയാ ഹബീബ് (റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്കൂൾ വിദ്യാർത്ഥിനി). മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കൗമാരക്കാരനായ ഹനീന്റെ വിയോഗം പ്രവാസി സമൂഹത്തിന് നോവായി മാറിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button