ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടി : ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാൻ എത്രയും വേഗം ബുദ്ധിപരമായ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും ഒരു ആണവ കരാറിൽ ഒപ്പിടാൻ ഇറാന് അറിയില്ലെന്നും ട്രംപ് പരിഹസിച്ചു. തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തോക്ക് പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു എഐ നിർമ്മിത ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പശ്ചാത്തലത്തിൽ മലമുകളിൽ ബോംബുകൾ പൊട്ടുന്നതായും കാണാം. ഇനി മര്യാദക്കാരനായിരിക്കില്ലായെന്നും കുറിച്ചിട്ടുണ്ട്.
ചർച്ചകളുടെ മെല്ലെപ്പോക്കിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഉപരോധങ്ങൾ മാറ്റിവെച്ച് വെടിനിർത്തലിലും ഹോർമുസ് തുറക്കലിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന ഇറാന്റെ ആവശ്യം ട്രംപ് തള്ളി. സാമ്പത്തികമായി തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് ഇറാനെന്നും അതുകൊണ്ട് തന്നെ ഹോർമുസ് കടലിടുക്ക് തുറന്നിടാൻ അവർ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.



