വത്തിക്കാനിൽ ആദ്യ വനിതാ ആർച്ച്ബിഷപ്പും പോപ്പ് ലിയോ പതിനാലാമനും ചരിത്രപരമായ കൂടിക്കാഴ്ച നടത്തി; ഒരുമിച്ച് പ്രാർത്ഥിച്ചു

വത്തിക്കാൻ സിറ്റി : കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയും ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ കാൻ്റർബറി ആർച്ച്ബിഷപ്പായ സാറാ മുല്ലല്ലിയും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. പരസ്പരം സമ്മാനങ്ങൾ കൈമാറിയ ഇരുവരും ഒരുമിച്ച് പ്രാർത്ഥന നടത്തി. ക്രൈസ്തവ സഭാ ചരിത്രത്തിലെ സുവർണ താളുകളിൽ അടയാളപ്പെടുത്തുന്ന അതിപ്രധാനമായ കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
1534-ൽ കത്തോലിക്ക സഭയിൽ നിന്ന് വേർപെട്ട് ഉണ്ടായതാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് (ആംഗ്ലിക്കൻ സഭ). ലോകമാകെ എട്ടര കോടി അംഗങ്ങളുള്ളതാണ് ഈ സഭ. ചരിത്രത്തിലാദ്യമായാണ് ഒരു വനിത ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ പദത്തിൽ എത്തിയത്. ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ആർച്ച്ബിഷപ്പ് സാറാ മുല്ലല്ലി വത്തിക്കാൻ സന്ദർശിച്ചത്. ഈ ക്ഷണനത്തിന് മാർപാപ്പയോട് പ്രത്യേക നന്ദിയും ആർച്ച്ബിഷപ്പ് പ്രകടിപ്പിച്ചു. 140 കോടിയോളം വരുന്ന അംഗങ്ങളുള്ള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ പദത്തിലെത്തിയ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ. പരസ്ര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകണമെന്ന ആഗ്രഹം ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ചയിൽ മുന്നോട്ടുവച്ചു.
വത്തിക്കാനിൽ 17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പള്ളിയിൽ ഇരുന്നാണ് ഇരുവരും ഒരുമിച്ച് പ്രാർത്ഥന നടത്തിയത്. വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. യുദ്ധത്തിനെതിരെ വ്യത്യസ്ത ഭാഷകളിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന മാർപാപ്പയ്ക്ക് ആർച്ച്ബിഷപ്പ് സാറാ മുല്ലല്ലി പിന്തുണ അറിയിച്ചു. ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിലാദ്യമായി അധ്യക്ഷ പദത്തിലേക്ക് വനിത ആർച്ച്ബിഷപ്പ് എത്തിയതിൽ ആഫ്രിക്കയിലും ഏഷ്യയിലും വിശ്വാസി സമൂഹത്തിൽ ഭിന്നത ശക്തമാണ്. ഇതിനിടെയാണ് പോപ് ലിയോ പതിനാലാമനുമായി ആർച്ച്ബിഷപ്പ് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയത്.



