അന്തർദേശീയം

ട്രംപിനെതിരായ വധശ്രമം : സോഷ്യൽ മീഡിയയിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ശക്തമാകുന്നു

വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിലുണ്ടായ വെടിവെപ്പിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ശക്തമാകുന്നു. സംഭവം രാഷ്ട്രീയ നേട്ടത്തിനായി ട്രംപും മറ്റുനേതാക്കളും കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സ്, ഫേസ്ബുക്ക്, ടിക്ടോക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംഭവം നടന്ന ഞായറാഴ്ച ഉച്ചയോടെ ‘സ്റ്റേജ്ഡ്’ എന്ന വാക്ക് സാമൂഹ്യമാധ്യമങ്ങളിൽ മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനായി നടത്തിയ ‘ഫാൾസ് ഫ്ലാഗ്’ ഓപ്പറേഷനാണ് ഇതെന്നും ചിലർ ആരോപിക്കുന്നു. വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമിക്കുന്നതിന് പൊതുജനപിന്തുണ നേടാനായി ട്രംപ് തന്നെ ഒരുക്കിയ നാടകമാണിതെന്ന രീതിയിലുള്ള വാദങ്ങളും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലും ട്രൂത്ത് സോഷ്യലിലെ കുറിപ്പിലും ട്രംപ് ബോൾറൂമിനെക്കുറിച്ച് പരാമർശിച്ചത് ഈ സംശയത്തിന് ആക്കംകൂട്ടി.

കൂടാതെ, ഫോക്സ് ന്യൂസ് റിപ്പോർട്ടർ ഐഷ ഹാസ്നിയുടെ ലൈവ് റിപ്പോർട്ടിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടതും പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പരിപാടിക്ക് മുൻപ് “വെടിയുതിർക്കപ്പെടും” എന്ന് പറഞ്ഞതും ഗൂഢാലോചനാ വാദികൾ തെളിവായി ഉയർത്തിക്കാട്ടുന്നു.

അതേസമയം, ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലീവിറ്റിന്റെ പരാമർശം ട്രംപ് അവതരിപ്പിക്കാനിരുന്ന തമാശകളെ കുറിച്ചായിരുന്നുവെന്നും ഹാസ്നിയുടെ ഫോൺ സിഗ്നൽ റേഞ്ച് ഇല്ലാത്തതിനാൽ കട്ടായതാണെന്നും പിന്നീട് അന്വേഷണസംഘം വിശദീകരണം നൽകി. പ്രതിയായ കോൾ തോമസ് അലന്റെ മാനിഫെസ്റ്റോ പരിശോധിച്ചതിൽനിന്ന് ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നും വിദേശ ഇടപെടലുകൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

പ്രതിയായ കോൾ തോമസ് അലന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ വാർത്തകൾ നൽകിയെങ്കിലും അന്വേഷണ ഏജൻസികൾ ഇത് തള്ളി. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങളിൽ യാഥാർഥ്യമില്ലെന്ന് അന്വേഷണ ഏജൻസികൾ ആവർത്തിച്ചു.

വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയാണ് കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർത്തത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button