ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ’ഗ്രീൻ സിഗ്നൽ’

ടെഹ്റാൻ : താത്കാലിക വെടിനിർത്തൽ അവസാനിക്കുന്നതു വരെ ഹോർമുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നു ഇറാൻ. ഇസ്രയേൽ- ലെബനൻ താത്കാലിക വെടിനിർത്തലിന്റെ പത്ത് ദിവസമാണ് ഹോർമുസ് പൂർണമായും തുറന്നു കിടക്കുകയെന്നു ഇറാൻ പ്രഖ്യാപിച്ചു. ഇത്രയും ദിവസം ഹോർമുസ് തുറന്നു കിടക്കുമെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബാദ് അരാഗ്ചി വ്യക്തമാക്കി.
വെടിനിർത്തൽ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാഗ്ചി പറഞ്ഞു.
ഇറാന്റെ തീരുമാനത്തിനു നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്നും എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും ഇറാൻ ഇപ്പോൾ അറിയിച്ചു, നന്ദി’- എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.



