മാൾട്ട ഗെയിമിംഗ് അതോറിറ്റിയിലെ സൈബർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാക്കർ

മാൾട്ട ഗെയിമിംഗ് അതോറിറ്റിയിൽ നടന്ന സമീപകാല സൈബർ ആക്രമണത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാക്കർ. ലിലിത്ത് വിറ്റ്മാൻ എന്ന ഹാക്കറാണ് എക്സിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ സൈബർ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഈ ആക്രമണത്തിൽ മാൾട്ടയുടെ ഐഗെയിമിംഗ് മേഖലയുമായി ബന്ധപ്പെട്ട ചില “സംഘടിത കുറ്റകൃത്യങ്ങളെ സഹായിക്കുന്ന പദ്ധതികൾ” സംബന്ധിച്ച സെൻസിറ്റീവ് ഡാറ്റ ലഭിച്ചിട്ടുണ്ടെന്നും അത് മാധ്യമ സ്ഥാപനങ്ങൾക്കും അധികാരികൾക്കും പങ്കിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
എംജിഎ കഴിഞ്ഞ ആഴ്ച സൈബർ ആക്രമണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡാറ്റ എത്രത്തോളം ചോർന്നുവെന്ന കാര്യത്തിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
മാൾട്ടീസ് അധികാരികൾ തനിക്കെതിരെ നിയമനടപടി സ്വീകരിച്ചാൽ അത് ആഗോള ഐഗെയിമിംഗ് വ്യവസായവുമായി ബന്ധപ്പെട്ട ഡാറ്റയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് കാരണമാകുമെന്ന് വിറ്റ്മാൻ അവകാശപ്പെട്ടു. മാൾട്ടയിലേക്ക് തനിക്ക് കൈമാറ്റം (extradition) ചെയ്യപ്പെടാനുള്ള സാധ്യതയെ കുറിച്ചും കുറ്റക്കാരിയെന്നു കണ്ടെത്തിയാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃതമാണ് ഡാറ്റാ മോഷണം എന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
“ഞാൻ നേടിയ വിവരങ്ങൾ പൊതുസമൂഹത്തിന് അത്രമേൽ വിലപ്പെട്ടവയാണെന്ന് ഞാൻ ഉറപ്പിക്കുന്നു. അതിനാൽ, ഭാവിയിൽ ഇത് നേടിയത് ഒരു ന്യായമായ ആവശ്യകതയായി കണക്കാക്കപ്പെടും,” എന്നും അവർ പറഞ്ഞു. ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും, അടുത്ത അറിയിപ്പ് വരുന്നതുവരെ മാധ്യമപ്രവർത്തകർ കൂടുതൽ അന്വേഷണം നടത്താതിരിക്കണമെന്നും അവൾ അഭ്യർത്ഥിച്ചു. മുൻപ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയണിലുണ്ടായ സൈബർ ആക്രമണങ്ങളുമായി താരതമ്യം ചെയ്ത്, ഈ ലംഘനം വളരെ എളുപ്പമായിരുനെന്ന് വിറ്റ്മാൻ സൂചിപ്പിച്ചു.



