സർക്കാരിന്റെയും നാഷണലിസ്റ്റ് പാർട്ടിയുടെയും നികുതി രഹിത പെൻഷൻ നിർദ്ദേശങ്ങൾക്കെതിരെ മുന്നറിപ്പുമായി എഡിപിഡി

സർക്കാരിന്റെയും നാഷണലിസ്റ്റ് പാർട്ടിയുടെയും നികുതി രഹിത പെൻഷൻ നിർദ്ദേശങ്ങൾക്കെതിരെ മുന്നറിപ്പുമായി എഡിപിഡി. നികുതി രഹിത പെൻഷൻ നിർദ്ദേശങ്ങൾ പിന്തിരിപ്പനും തൊഴിലാളികളോടുള്ള അന്യായവുമാണെന്ന് എഡിപിഡി– ഗ്രീൻ പാർട്ടി പറഞ്ഞു. പെൻഷൻ വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശങ്ങളെക്കുറിച്ച് സർക്കാർക്കും നാഷണലിസ്റ്റ് പാർട്ടിക്കും എതിരെ വിമർശനം ഉയർത്തി എഡിപിഡി – ഗ്രീൻ പാർട്ടി. ഈ പദ്ധതികൾ പിന്തിരിപ്പനും, സാമൂഹികമായി അന്യായം നിറഞ്ഞതും, മാൾട്ടയുടെ പൊതു ധനകാര്യത്തിന് ഹാനികരവുമാണെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
“ഇപ്പോൾ മാൾട്ടയിൽ തൊഴിലാളികൾക്ക് ഏകദേശം €16,000-ൽ കൂടുതൽ വരുമാനം ലഭിക്കുമ്പോൾ തന്നെ 25% വരെ വരുമാന നികുതി അടക്കേണ്ടിവരുന്നു. €60,000-ൽ കൂടുതലുള്ള വരുമാനത്തിന് 35% വരെ നികുതിയും ബാധകമാണ്. എന്നാൽ സർക്കാർ ഏകദേശം €37,000 വരെ വരുന്ന പെൻഷൻ വരുമാനം പൂർണ്ണമായും നികുതി ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. ഇതിന്റെ അർത്ഥം വലിയ പെൻഷൻ ലഭിക്കുന്ന ചിലർ ഒരുതരത്തിലുള്ള നികുതി അടയ്ക്കാതെയിരിക്കുകയും അതേസമയം അതിനേക്കാൾ വളരെ കുറഞ്ഞ വരുമാനം ലഭിക്കുന്ന തൊഴിലാളികൾക്ക് നികുതി അടക്കേണ്ടതായും വരും ” എഡിപിഡി ചെയർപേഴ്സൺ സാന്ദ്ര ഗൗസി പറഞ്ഞു.
നാഷണലിസ്റ്റ് പാർട്ടിയും എല്ലാ പെൻഷൻക്കാർക്കും €37,000 വരെ വരുന്ന മുഴുവൻ വരുമാനത്തെയും — അത് എവിടെ നിന്നായാലും ലഭിച്ചതായാലും — നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ തീരുമാനം വളരെ ഉയർന്ന പെൻഷൻ ലഭിക്കുന്ന ചിലർക്കാണ് അനുപാതത്തിൽ കൂടുതൽ ഗുണം ചെയ്യുക. ഇതിൽ മുൻ മന്ത്രിമാർ, മുൻ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ, കൂടാതെ അവരുടെ തൊഴിൽജീവിതത്തിൽ വലിയ സ്വകാര്യ പെൻഷൻ പദ്ധതികൾ സമ്പാദിച്ചവരുമാണ് ഉൾപ്പെടുനതെന്ന് എഡിപിഡി പറയുന്നു.
എഡിപിഡിയുടെ അഭിപ്രായത്തിൽ ഈ രണ്ട് നിർദേശങ്ങൾ വരുമാനത്തിന് അനുസരിച്ച് നികുതി അടക്കുന്ന തൊഴിലാളികൾ, അതേ അല്ലെങ്കിൽ അതിലധികം വരുമാനം ലഭിച്ചാലും, പെൻഷൻക്കാരാണെന്ന കാരണത്താൽ നികുതി ഒന്നും അടക്കാത്തവർ എന്നിങ്ങനെ സമൂഹത്തിൽ രണ്ടു വേർതിരിച്ച വിഭാഗങ്ങൾ സൃഷ്ടിക്കും: ഇത്തരം നയങ്ങൾ ഭാവിയിൽ പൊതു ധനകാര്യത്തെ ബാധിക്കുമെന്നും, അതിന്റെ ഭാരം യുവതലമുറയും വരാനിരിക്കുന്ന തലമുറകളും വഹിക്കേണ്ടിവരുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. മാൾട്ടയുടെ ദേശീയ കടം ഇതിനകം തന്നെ €11 ബില്യൺ കടന്നതായി പാർട്ടി ചൂണ്ടിക്കാട്ടി.
സാമൂഹിക നീതി ഉറപ്പാക്കാൻ എല്ലാവരും അവരുടെ ശേഷിക്കനുസരിച്ച് സംഭാവന നൽകുന്ന ഒരു പ്രോഗ്രസീവ് നികുതി സംവിധാനമാണ് വേണ്ടതെന്ന് എഡിപിഡി പറഞ്ഞു. വരുമാനം ജോലി, പെൻഷൻ, അല്ലെങ്കിൽ നിക്ഷേപങ്ങൾ എന്നിവയിൽ നിന്നായാലും അതിൽ വ്യത്യാസമില്ല. സർക്കാരിന്റെയും നാഷണലിസ്റ്റ് പാർട്ടിയുടെയും ഈ നയങ്ങളിൽ ഉണ്ടാകുന്ന അസമത്വങ്ങളെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും പാർട്ടി അറിയിച്ചു.



