ആന്‍ഡമാന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍

പോര്‍ട്ട് ബ്ലെയര്‍ : ഏഴുപേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണു. മധ്യ ആന്‍ഡമാന്‍ ജില്ലയിലെ ശ്രീ വിജയപുരം രംഗാട്ടില് നിന്ന് പറന്നുയര്‍ന്ന പവന് ഹാന്‍സ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ അഞ്ചു യാത്രക്കാരും, രണ്ടു ജീവനക്കാരും ഉള്‍പ്പെടെ ഏഴു പേരാണ് ഉണ്ടായിരുന്നത്.
എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ശ്രീ വിജയപുരത്ത് നിന്ന് രാവിലെ 8.45 ഓടെ പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ രാവിലെ 9.30 ഓടെ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ അഞ്ച് യാത്രക്കാരെയും രണ്ട് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റണ്‍വേയ്ക്ക് 300 മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. പ്രാഥമിക അന്വേഷണത്തില്‍ ഹെലികോപ്റ്ററില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി മുതിര്‍ന്ന സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോയിഡ ആസ്ഥാനമായുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് പവൻ ഹാൻസ് ലിമിറ്റഡ്.



