നെതന്യാഹു- ട്രംപ് വൈറ്റ് ഹൗസ് നിർണായക കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത്

വാഷിങ്ടൺ ഡിസി : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത്. ഇറാനെ നേരിടുന്നതിനായി നയതന്ത്രം, സാമ്പത്തിക ഉപരോധം, സൈനിക നടപടി എന്നീ മൂന്ന് സാധ്യതകളേക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചർച്ചചെയ്തതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
സിറിയയിലെയും ലെബനനിലെയും ഇസ്രായേൽ സൈനിക നടപടികളിൽ ട്രംപിനുള്ള അതൃപ്തി മറികടക്കാൻ മാപ്പുകൾ ഉപയോഗിച്ച് വിശദീകരണം നടത്താനും നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ ശ്രമം നടത്തി. 90 മിറ്റിറ്റോളമാണ് ഓവൽ ഓഫീസിൽ ഇരുനേതാക്കളും ചർച്ച നടത്തിയത്.
സൈനിക നടപടിക്കായി നെതന്യാഹു ട്രംപിനുമേൽ സമ്മർദ്ദം ചെലുത്തിയില്ലെന്നും മറിച്ച് ഇറാന്റെ കാര്യത്തിൽ മുന്നിലുള്ള മൂന്ന് പ്രധാന വഴികളെക്കുറിച്ചുള്ള ഒരു ‘ആശയ കൈമാറ്റം’ മാത്രമാണ് നടത്തിയതെന്നും ഇസ്രയേലി ഉദ്യോഗസ്ഥൻ പറയുന്നു.
ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ കരാറിലെത്തുക എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്. രണ്ടാമതായി സാമ്പത്തികവും ഉപരോധവും വഴിയുള്ള സമ്മർദ്ദമാണ്. പുതിയ കരാറുകൾ ഇല്ലാതെതന്നെ ഉപരോധങ്ങൾ ശക്തമാക്കിയും ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ചും സാമ്പത്തികമായി ഞെരുക്കണം. മൂന്നാം ഘട്ടമായി ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടി ആരംഭിക്കുമെന്നും ഇസ്രയേലി ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ ട്രംപിനെ സമ്മതിപ്പിക്കാനാണ് നെതന്യാഹു വാഷിംഗ്ടണിൽ എത്തിയതെന്ന പ്രചാരണം ഉദ്യോഗസ്ഥൻ തള്ളി. അന്തിമ തീരുമാനം ട്രംപിന്റേതാണെങ്കിലും, ഇറാൻ ഇസ്രായേലിനെ ആദ്യം ആക്രമിക്കുകയാണെങ്കിൽ തിരിച്ചടിക്കാൻ അമേരിക്കയുടെ പച്ചക്കൊടിക്കായി ഇസ്രായേൽ കാത്തുനിൽക്കില്ലെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഇന്ധനവില ഉയരുന്നതിലും അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ആഘാതത്തിലും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, ഇറാനെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് ബാക്കിയുള്ള അവസാന പിടിവള്ളിയാണെന്നും ഇതുപയോഗിച്ച് വിലപേശാൻ അവരെ അനുവദിക്കരുതെന്നും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ നാല് മാസമായി അമേരിക്കയും ഇസ്രയേലും ഇറാനുമേൽ ചെലുത്തിയ സമ്മർദ്ദത്തെ ചെറുത്തുനിൽക്കാൻ ഇറാനു കഴിഞ്ഞതായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഇറാൻ വളരെ ദുർബലമാണെന്നും കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇസ്രയേൽ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. അവിടെ ജനങ്ങളുടെ പ്രതിഷേധങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ഇറാനിലെ വിലക്കയറ്റം 90% ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ആയുധശേഷിയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. യുദ്ധത്തിന് മുൻപുണ്ടായിരുന്ന പതിനായിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടെന്നും ഇപ്പോൾ ഏകദേശം 1,500 എണ്ണം മാത്രമേ ഇറാന്റെ പക്കലുള്ളൂ എന്നും ഇസ്രായേൽ വിലയിരുത്തുന്നു. പുതിയവ നിർമിക്കാൻ ഇറാന് ശേഷിയില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



