ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾക്ക് മുന്നോടിയായി മധ്യേഷ്യയിൽ വ്യോമ, നാവിക വിന്യാസം ശക്തമാക്കി യുഎസ്

വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾക്ക് മുന്നോടിയായി മധ്യേഷ്യയിൽ വ്യോമ, നാവിക വിന്യാസം ശക്തമാക്കി യുഎസ്. യുഎസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനും വൻനീക്കമാണ് യുഎസ് നടത്തിയിരിക്കുന്നത്.
ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്.
ഓപ്പൺ-സോഴ്സ് ഫ്‌ളൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250-ൽ അധികം യുഎസ് കാർഗോ വിമാനങ്ങൾ എത്തിയിട്ടുണ്ടെന്നും സിഎൻഎൻ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഴ്ചകളായി ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കുകയാണ്. ഇറാനിൽ ഭരണമാറ്റം ‘സംഭവിക്കാവുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും’ എന്നാണ് വെള്ളിയാഴ്ചയും ട്രംപ് പറഞ്ഞത്.
ഇറാനിൽ ഭരണമാറ്റം വേണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള ഭീഷണിയും മേഖലയിലേക്കുള്ള സൈനിക വിന്യാസങ്ങളും മധ്യേഷ്യയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ജനീവയിൽ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രധാന്യമുണ്ട്. ഈ ചർച്ചകളിൽ താൻ ‘പരോക്ഷമായി’ പങ്കെടുക്കുമെന്ന് ട്രംപ് തിങ്കളാഴ്ച അറിയിച്ചു. യുഎസ് ഭാഗത്ത് നിന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിന്റെ മരുമകൻ ജാരഡ് കുഷ്‌നറും, ഇറാനിൽ നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് പ്രധാനമായും ചർച്ചയിൽ പങ്കെടുക്കുന്നത്.
ഇറാൻ തീരത്തോട് ചേർന്ന് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. അയ്യായിരത്തിലധികം സൈനികർ ഉള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ എഫ്35 അടക്കമുള്ള 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനിൽനിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ ഒമാൻ തീരത്താണ് നിലവിൽ ഈ കപ്പലുള്ളതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിൽ 12 ഓളം യുഎസ് യുദ്ധ കപ്പലുകൾ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും ബിബിസി പറയുന്നു. ഇതിനിടെ യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർപ്സ് തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്.
ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെത്തുടർന്ന് 2025 ജൂണിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരുന്നു. അന്ന് ഇറാന്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് ഐ.എ.ഇ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം. അതേസമയം, സിവിലിയൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമ്പുഷ്ടീകരണമേ നടത്തുന്നുള്ളൂവെന്നാണ് ഇറാൻ പറയുന്നത്. യു.എസ്. മധ്യസ്ഥതയിൽ റഷ്യയുടെയും യുക്രൈന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയും ബുധനാഴ്ച ജനീവയിൽ നടക്കും.



