അന്തർദേശീയം

തായ്‍ലൻഡ് രാജാവിനെ വിമര്‍ശിച്ച യുവാവിന്‍റെ തടവുശിക്ഷ 50 വര്‍ഷമായി നീട്ടി

ബാങ്കോക്ക് : തായ്‍ലൻഡിൽ വിമര്‍ശിച്ചതിന് ശിക്ഷിക്കപ്പെട്ട യുവാവിന്‍റെ തടവ് ശിക്ഷ ചൊവ്വാഴ്ച തായ്‌ലൻഡ് കോടതി 50 വർഷമായി നീട്ടി. രാജ്യത്തെ കർശനമായ രാജകീയ അപമാന നിയമപ്രകാരം ചുമത്തിയിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ശിക്ഷകളിൽ ഒന്നാണിത്.

തായ്‌ലൻഡിലെ ലെസ്-മജസ്റ്റെ നിയമ പ്രകാരം രാജാവ് മഹാ വജിരലോങ്‌കോണിനെയും കുടുംബവും വിമര്‍ശനങ്ങൾക്ക് അതീതരാണ്. രാജകുടുംബത്തെതിരെ സംസാരിച്ചാൽ പരമാവധി 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 2021 നും 2022 നും ഇടയിൽ യുവാവ് രാജാവിനെതിരെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ ക്രിമിനൽ കോടതി ഫുരിറ്റിക്കോൺ സരകുലിനെ നിയമപ്രകാരം 30 വർഷം തടവിന് ശിക്ഷിച്ചതായി തായ് ലോയേഴ്‌സ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് (TLHR) പ്രസ്താവനയിൽ പറഞ്ഞു.ഡിസംബറിൽ, തായ്‌ലൻഡിന് പുറത്ത് താമസിക്കുന്ന 43-കാരന് വ്യത്യസ്ത പോസ്റ്റുകളുടെ പേരിൽ ഇതേ കുറ്റത്തിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചുവെന്ന് സംഘടന വ്യക്തമാക്കി.

വിയോജിപ്പുകളെ അടിച്ചമർത്താനും രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനും ലെസ്-മജസ്റ്റെ നിയമം വളരെക്കാലമായി ഉപയോഗിച്ചുവരികയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ടിഎൽഎച്ച്ആറിന്‍റെ കണക്കനുസരിച്ച്, 2020 മുതൽ കുറഞ്ഞത് 289 പേർക്കെതിരെ ഈ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.2024-ൽ, സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രാജവാഴ്ചയെ അപമാനിച്ചതിന് ഒരു വസ്ത്ര വിൽപനക്കാരനെ 50 വർഷം തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം, ലെസ്-മജസ്റ്റെ നിയമപ്രകാരം 43 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഒരു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയെ എട്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം രാജകീയ മാപ്പ് ലഭിച്ചപ്പോൾ മോചിപ്പിച്ചു. കുറ്റസമ്മതം നടത്തിയ സ്ത്രീ, രാജവാഴ്ചയെ വിമർശിക്കുന്ന ഒരു പോഡ്‌കാസ്റ്റിന്‍റെ ഓഡിയോ ക്ലിപ്പുകൾ ഓൺലൈനിൽ പങ്കിട്ടിരുന്നു.

യാഥാസ്ഥിതിക, രാജകീയ അനുകൂല പാര്‍ട്ടിയായ ഭുംജൈതായ് പാർട്ടി ദേശീയ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടി ദിവസങ്ങൾക്ക് ശേഷമാണ് ഈ വിധി വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button