അന്തർദേശീയം

ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനില്‍ ആയിരുന്നു സത്യപ്രതിജ്ഞ. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയറായ സൊഹ്റാന്‍ മംദാനി ഖുറാനില്‍ കൈ വച്ചാണ് സത്യവാചകം ചൊല്ലിയത്.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ചടങ്ങിന് നേതൃത്വം നല്‍കി. ജീവിതത്തിലെ വലിയ ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പ്രതികരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രവും പ്രതാപത്തെയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെയും അടയാളപ്പെടുത്തുന്ന സ്ഥലം എന്ന നിലയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സബ്‌വേ സ്റ്റേഷന്‍ തെരഞ്ഞെടുത്തത്. 1904ല്‍ നിര്‍മിച്ച് 1945ല്‍ ഉപേക്ഷിക്കപ്പെട്ടതാണ് പഴയ ‘സിറ്റി ഹാള്‍’ സബ്‌വേ സ്റ്റേഷന്‍.

എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്‌റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സൊഹ്റാന്‍ മംദാനി.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് ക്വോമോയെ ആണ് പിന്തുണച്ചിരുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ് മംദാനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button