കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് : ഒന്നാം ഘട്ട പ്രചാരണം ഇന്നവസാനിക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് ആറു മണിക്കാണ് കലാശക്കൊട്ട്. അനൗണ്‍സ്‌മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്നു വൈകീട്ടോടെ അവസാനിക്കും. തുടര്‍ന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. ബഹളങ്ങളില്ലാത്ത വോട്ടു തേടലിന്റെ ഒരു ദിനം പിന്നിട്ട് ചൊവ്വാഴ്ച ജനങ്ങള്‍ സമ്മതിദാനം രേഖപ്പെടുത്തിനായി പോളിങ് ബൂത്തിലെത്തും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്ക് 36,630 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 7 ജില്ലകളിലായി 1.31കോടി വോട്ടർമാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.

ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ മോക് പോളിങ് നടത്തും. തുടർന്ന് ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫർമാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തു തലത്തിൽ ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ടും ന​ഗരസഭയിൽ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്.

അവസാന വട്ടം വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. കലാശക്കൊട്ട് കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കലാശക്കൊട്ടില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ 48 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button