ഐഎസ്എല്‍ കാണാന്‍പോയ യുവാക്കള്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോവുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കാസര്‍കോട്: ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ച് രണ്ട് പേര് മരിച്ചു. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.
ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഹൈദരാബാദ് എഫ് സി താരം റബീഹിന്റെ പിതാവിന്റെ അനിയനാണ് മരിച്ച ഷിബില്‍. റബീഹ് തന്നെയാണ് ഇവര്‍ക്ക് കളി കാണാനുള്ള ടിക്കറ്റ് അയച്ചു നല്‍കിയത്.
മരിച്ചവര്‍ സഞ്ചരിച്ച ബൈക്ക് ഹൈദരാബാദ് എഫ്സി താരം അബ്ദുല്‍ റബീഹിന്റേതാണ്. KL 65 R 0017 ബുള്ളറ്റാണ് അപകടത്തില്‍പെട്ടത്. ഷിബില്‍ ആയിരുന്നു ബുള്ളറ്റ് ബൈക്ക് ഓടിച്ചിരുന്നത്.
ഇവര്‍ക്ക് മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിലെ സംഘം അപകട വിവരമറിഞ്ഞത് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ്. ഈ സംഘമാണ് നാട്ടിലേക്ക് വിവരമറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നാട്ടിലേക്ക് മൃതദേഹം എത്തിക്കും.
രണ്ട് പേര് അപകടത്തില്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ഒതുക്കുങ്ങല്‍ ചെറുകുന്ന് നിവാസികള്‍ കേട്ടത്. കാറിലും ബൈക്കിലുമായി രണ്ട് സംഘങ്ങളായാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.