ഫോസിൽ ഇന്ധന പ്രതിസന്ധി : ബദൽ സാധ്യതകൾ തേടി കൊളംബിയയുടെയും നെതർലൻഡിൻറെയും നേതൃത്തത്തിൽ 50 രാജ്യങ്ങൾ കരീബിയൻ തീരത്ത് ഒത്തു ചേരുന്നു

സാന്താ മാർട്ട : പശ്ചിമേഷ്യൻ സംഘര്‍ഷത്തിന് പിന്നാലെ പ്രതിസന്ധിയിൽ വലഞ്ഞ രാജ്യങ്ങൾ കൊളംബിയയുടെ കരീബിയൻ തീരത്ത് ഒത്തു ചേരുന്നു. ബദൽ സാധ്യതകൾ തേടിയുള്ള ചരിത്രപരമായ കൂടിച്ചേരൽ എന്നാണ് വിശേഷണം. ആഗോള സമ്പദ്വ്യവസ്ഥയുടെ നൂറ്റാണ്ടുകൾ നീണ്ട ഫോസിൽ ഇന്ധന അടിമത്തത്തിൽ നിന്നുള്ള മോചനമാണ് പ്രഖ്യാപിത ലക്ഷ്യം.
ഒരു നയതന്ത്ര പരീക്ഷണം എന്ന വിശേഷണത്തോടെ അമ്പതിൽ അധികം രാജ്യങ്ങൾ സാന്താ മാര്‍ട്ടയിൽ എത്തിച്ചേരും. ‘ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള നീതിപൂർവ്വമായ മാറ്റത്തിനായുള്ള ഒന്നാം അന്താരാഷ്ട്ര സമ്മേളനം’ എന്നാണ് വിശേഷണം. കൊളംബിയയും നെതർലൻഡ്സും ചേർന്ന് ആസൂത്രണം ചെയ്ത ഈ സമ്മേളനം ഏപ്രിൽ 28-ന് ആരംഭിക്കും. നിലവിലെ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത് ഒരു പരിസ്ഥിതി യോഗമല്ല, മറിച്ച് ലോകത്തിന്റെ അതിജീവനത്തിനായുള്ള കൂട്ടായ ചർച്ചയായി ഉയര്‍ത്തപ്പെടുകയാണ്.
ക്രൂഡ് ഓയിലിന്റെ വിശ്വാസ്യത തകര്‍ന്നു
ദശകങ്ങളായി, ഫോസിൽ ഇന്ധനങ്ങളാണ് ഊർജ്ജ സുരക്ഷയുടെ അടിസ്ഥാനമെന്ന് എണ്ണക്കമ്പനികളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലുള്ള രാഷ്ട്രീയക്കാരും വാദിച്ചിരുന്നു. എന്നാൽ 2026-ലെ ഈ പ്രതിസന്ധി ആ വാദത്തെ പൂര്‍ണ്ണമായും തകർക്കുകയും വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്തു.
“എണ്ണ വിശ്വസിക്കാവുന്ന ഇന്ധനമാണെന്ന മിഥ്യാധാരണ അവസാനിച്ചു,” എന്ന് കൊളംബിയൻ പരിസ്ഥിതി മന്ത്രി ഐറീൻ വേലസ് ടോറസ് പറഞ്ഞു. “സൂര്യനും കാറ്റിനും ഉപരോധം ഏർപ്പെടുത്താൻ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ പുനരുപയോഗ ഊർജ്ജമാണ് ഏറ്റവും സുരക്ഷിതം.” എന്നാണ് അവര്‍ വാദിക്കുന്നത്. അങ്ങിനെയാണ് ഈ സമ്മേളനത്തിന് പുതിയ മുഖം കൈവരുന്നത്.
സാന്താ മാർട്ട ഉടമ്പടി: പ്രധാന ലക്ഷ്യം
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചർച്ചകൾ (COP) മന്ദഗതിയിലായിരിക്കുന്നു. ഇനിയും ഇത്തരം ഏജൻസി പ്രവര്‍ത്തനങ്ങൾക്കായി കാത്തിരിക്കാനാവില്ല. രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ എത്തിനിൽക്കുകയാണ്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് തുടങ്ങിയിരിക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി അയയുന്നില്ല. അത് വലിയ രാഷ്ട്രീയമായി മാറിയിരിക്കുന്നു. ശീതസമരങ്ങളുടെ ഇടനാഴിയായി രൂപപ്പെടുന്നു. ഇനിയും കാത്തിരിക്കാൻ കഴിയില്ല. മിഡിൽ ഈസ്റ്റിലെ 60-ഓളം പ്രധാന ഊർജ്ജ നിലയങ്ങൾ ആക്രമിക്കപ്പെട്ടു. യുദ്ധം അവസാനിച്ചാലും ഈ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവരും. ഓസ്ട്രേലിയയിൽ പെട്രോൾ വില മാർച്ചിൽ മാത്രം 50 ശതമാനം വർദ്ധിച്ചു. പസഫിക് ദ്വീപ് രാജ്യങ്ങൾ തങ്ങളുടെ ആരോഗ്യ ബജറ്റിന്റെ മൂന്നിരട്ടി തുകയാണ് ഇന്ധനത്തിനായി ചെലവാക്കുന്നത്.
ഈ സാഹചര്യത്തിൽ 50-ഓളം രാജ്യങ്ങൾ ചേർന്ന് ഒരു പുതിയ ‘ഫോസിൽ ഫ്യൂവൽ നോൺ-പ്രൊലിഫറേഷൻ ട്രീറ്റി’ എന്നാണ് ഉച്ചകോടിക്ക് പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സാന്താ മാർട്ടയിലെ ചർച്ചകൾ അവസാനിക്കുമ്പോൾ, ലോകം ഒരു പുതിയ ‘ഹരിത യുഗത്തിലേക്ക്’ ഔദ്യോഗികമായി കടക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
തീരദേശ നഗരമായ സാന്താ മാർട്ടയിൽ ഒത്തുകൂടുന്ന 50-ലധികം രാജ്യങ്ങളിലെ പ്രതിനിധികൾ വെറുമൊരു കാലാവസ്ഥാ ഉച്ചകോടിക്കായല്ല വരുന്നത്. മറിച്ച്, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയുടെ നിഴലിലാണ് ഈ കൂടിക്കാഴ്ച. കൽക്കരിയും എണ്ണയും ക്രമേണ കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തിരുന്ന സമ്മേളനമാണ്. പെട്ടെന്നുണ്ടായ യുദ്ധസാഹചര്യത്തിൽ ലോകത്തിന്റെ അതിജീവനത്തിനായുള്ള ‘എമർജൻസി പ്ലാനിംഗ് സെഷൻ’ എന്ന രീതിയിൽ ഇത് മാറ്റപ്പെട്ടിരിക്കയാണ്.
COP ഉച്ചകോടികൾ പോലുള്ള അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിൽ പലപ്പോഴും ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കാൻ പല രാജ്യങ്ങളും വിമുഖത കാണിക്കാറുണ്ട്. എന്നാൽ സാന്താ മാർട്ടയിൽ ഒത്തുകൂടുന്നത് കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഉപയോഗം എങ്ങനെ ഘട്ടംഘട്ടമായി അവസാനിപ്പിക്കാം എന്ന് ചർച്ച ചെയ്യാൻ മാത്രമാണ് എന്നു വ്യക്തമാക്കുന്നു. എല്ലാ രാജ്യങ്ങളും സമ്മതിക്കുന്നത് വരെ കാത്തിരിക്കാതെ, ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാൻ തയ്യാറുള്ള 50-ഓളം രാജ്യങ്ങളുടെ ഒരു പ്രത്യേക സഖ്യം രൂപീകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
തടയേണ്ടത് ആണവായുധം മാത്രമല്ല
അണുവായുധ വ്യാപനം തടയുന്നതിനുള്ള ഉടമ്പടി പോലെ, പുതിയ ഫോസിൽ ഇന്ധന ഖനനവും പര്യവേക്ഷണവും നിരോധിക്കുന്നതിനുള്ള ഒരു നിയമപരമായ ഉടമ്പടിയെക്കുറിച്ച് ഈ യോഗത്തിൽ ചർച്ച നടക്കും.
എണ്ണയെയും കൽക്കരിയെയും ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾക്കും ദരിദ്ര രാജ്യങ്ങൾക്കും സാമ്പത്തിക തകർച്ച ഉണ്ടാകാതെ എങ്ങനെ ഹരിത ഊർജ്ജത്തിലേക്ക് മാറാം എന്ന് ചർച്ച ചെയ്യും. കടാശ്വാസം, സാമ്പത്തിക സഹായം എന്നിവ ഇതിൽ പ്രധാന വിഷയങ്ങളാണ്.
നേരത്തെ ഫോസിൽ ഇന്ധനങ്ങൾ പരിസ്ഥിതി പ്രശ്നമായിട്ടാണ് കണ്ടിരുന്നതെങ്കിൽ, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഓരോ രാജ്യങ്ങളുടെയും ‘ദേശീയ സുരക്ഷാ’ പ്രശ്നമായി മാറി. എണ്ണയെ ആശ്രയിക്കുന്നത് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ എത്രയും വേഗം പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറണമെന്നും ഉള്ള ബോധ്യം വേഗത്തിൽ വന്നു ചേര്‍ന്നു എന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്.
“ഡ്രിൽ, ബേബി, ഡ്രിൽ” എന്ന മുദ്രാവാക്യത്തിന് തിരിച്ചടി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഊർജ്ജ നയം “കൂടുതൽ എണ്ണ ഖനനം ചെയ്യുക” (Drill, baby, drill) എന്നതായിരുന്നു. എന്നാൽ എണ്ണക്കമ്പനികളെ സഹായിക്കുന്ന ഈ നയം നിലവിലെ പ്രതിസന്ധിയിൽ ഫലിക്കാതെ പോയി. ഫോസിൽ ഇന്ധനങ്ങൾ സുരക്ഷിതമാണെന്ന വാദം പൊളിഞ്ഞു. പകരം, പുനരുപയോഗ ഊർജ്ജം (Renewables) വിലകുറഞ്ഞതും സുരക്ഷിതവുമായ ബദലായി മാറി. ഇതിനെ ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല പുതിയ ബദൽ നയവും ഉടമ്പടിയും സമ്മേളനം ഇപ്പോൾ ലക്ഷ്യം വെക്കുന്നു.
1970-കളിലെ എണ്ണ പ്രതിസന്ധി ലോകത്തെ ഇന്ധനക്ഷമത കൂട്ടാൻ പ്രേരിപ്പിച്ചെങ്കിൽ, 2026-ലെ ഈ ഷോക്ക് ലോകത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി മോചിപ്പിക്കുമെന്നാണ് ഈ കൂട്ടായ്മയിലെ വിദഗ്ധർ കരുതുന്നത്.



