കോംഗോയിലെ ടാംഗനിക്ക തടാകത്തിൽ ബോട്ട് മുങ്ങി; 41 മരണം

കിൻഷാസ : കോംഗോയിലെ ടാംഗനിക്ക തടാകത്തിൽ ബോട്ട് മറിഞ്ഞ് 41 പേർ മരിച്ചു. നൂറോളം യാത്രക്കാരും ചരക്കുകളുമായി ടാൻസാനിയയിലെ കിഗോമ തുറമുഖത്തുനിന്ന് കലേമിയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 49 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ടാംഗനിക്ക പ്രവിശ്യയിലെ ഗതാഗത മന്ത്രി നോറിസ് മുലോംഗോയിയാണ് അപകടവിവരങ്ങൾ സ്ഥിരീകരിച്ച വാർത്ത പങ്കുവെച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. കോംഗോയിലെ മാപേര ഗ്രാമത്തിന് സമീപമാണ് ബോട്ട് മറിഞ്ഞത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടം. യാത്രക്കാർ ഉണരുമ്പോൾ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോംഗോയിൽ സമീപ വർഷങ്ങളിൽ ബോട്ടപകടങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമിതമായി ആളുകളെ കയറ്റുന്നതും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ ഇല്ലാത്തതുമാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. 100 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് കോംഗോ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബോട്ട് യാത്ര പലർക്കും ചെലവുകുറഞ്ഞ യാത്രാമാർഗമാണ്. കിഗോമ-കലേമി പാതയിൽ ഒരു മാസത്തിനിടെ അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ കോംഗോ കപ്പലാണിത്. കഴിഞ്ഞ ഓഗസ്റ്റ് 28ന് ഇന്ധനം കയറ്റുന്നതിനിടെ കിഗോമ തുറമുഖത്ത് കോംഗോയുടെ എം.വി. പസിഫിക് എന്ന കപ്പലിന് തീപിടിച്ച് സ്ഫോടനമുണ്ടായിരുന്നു. അന്ന് ആറ് ജീവനക്കാരാണ് അപകടത്തിൽ മരിച്ചത്. ഒരാളെ കാണാതായതായും റിപ്പോർട്ട് ചെയ്തിരുന്നു.



