അന്തർദേശീയം

ദക്ഷിണ ചൈനാ കടലിൽ വിയറ്റ്നാം ചരക്കുകപ്പൽ മുങ്ങി; 23 പേരെ കാണാതായി

ബെയ്ജിങ് : ദക്ഷിണ ചൈനാ കടലിൽ 62 ജീവനക്കാരുമായി സഞ്ചരിച്ച വിയറ്റ്നാം ചരക്കുകപ്പൽ മുങ്ങി 23 പേരെ കാണാതായി. അപകടത്തിൽപ്പെട്ട 39 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഖോയ് എൻഗുയെൻ 18’ എന്ന വിയറ്റ്നാം റജിസ്ട്രേഷൻ കപ്പലാണ് ശനിയാഴ്ച വൈകിട്ടോടെ യോങ്ഷു റീഫിനു സമീപം അപകടത്തിൽപ്പെട്ടതെന്ന് ചൈനീസ് പൊതുമേഖലാ ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്തു. ഏകദേശം 70 മീറ്റർ നീളമുള്ളതാണ് ഈ കപ്പൽ. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറരയോടെ കപ്പലിൽ നിന്നുള്ള അപകടസന്ദേശം എത്തിയിരുന്നു.

കപ്പൽ കണ്ടെത്തിയതായാണ് സിൻഹുവ വാർത്താ ഏജൻസി അറിയിച്ചത്. നിലവിൽ ആറ് ചൈനീസ് കപ്പലുകളും ഒരു രക്ഷാപ്രവർത്തന ഹെലികോപ്റ്ററും ഒരു വിയറ്റ്നാം കപ്പലും ചേർന്ന് പ്രദേശത്ത് ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്. ചൈനയിലെ ഹൈനാൻ പ്രവിശ്യാ അധികൃതരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന തന്ത്രപ്രധാനമായ ജലപാതയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button