അന്തർദേശീയം

ജപ്പാൻ കടലിൽ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ : കൊറിയൻ മേഖലയിൽ വീണ്ടും സംഘർഷഭീതി പരത്തി ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തര കൊറിയ അവരുടെ കിഴക്കൻ തീരത്തുനിന്ന് ജപ്പാൻ കടലിലേക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയയും ജപ്പാനും അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെ വോൻസാൻ മേഖലയിൽനിന്നാണ് ആദ്യ മിസൈൽ വിക്ഷേപിച്ചതെന്നും മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ മിസൈലും വിക്ഷേപിച്ചെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് സ്ഥിരീകരിച്ചു. മിസൈലുകളുടെ സഞ്ചാരപാതയും സാങ്കേതിക പ്രത്യേകതകളും ദക്ഷിണ കൊറിയയും യുഎസും വിശകലനം ചെയ്യുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ 12 നും ഉത്തര കൊറിയ ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഇവ ജപ്പാൻ കടലിേക്ക് ഏകദേശം 250 കിലോമീറ്റർ സഞ്ചരിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, ഉർന്ന ശേഷിയുള്ള മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ, ഡ്രോണുകൾ എന്നിവ അടങ്ങുന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ഉത്തര കൊറിയ പിന്നീടു നൽകിയ വിശദീകരണം.

ദക്ഷിണ കൊറിയ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി ന‌ടത്തിയ അഞ്ചുദിവസത്തെ സൈനികാഭ്യാസം അവസാനിച്ചതിന്റെ അടുത്ത ദിവസമായിരുന്നു സെപ്റ്റംബർ 12 ന് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. സൈനികാഭ്യാസത്തെ ഉത്തര കൊറിയ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇത്തരം സൈനിക പ്രകോപനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഉത്തര കൊറിയൻ പ്രതിരോധമന്ത്രി കിം സോങ് ജി പറഞ്ഞിരുന്നു. ‌‌‌അതിന്റെ തുടർച്ചയായാണ് ഇന്നത്തെ പരീക്ഷണത്തെയും നിരീക്ഷകർ വിലയിരുത്തുന്നത്. മേഖല വീണ്ടും സംഘർഷഭരിതമാകുമോ എന് ആശങ്കയിലാണ് ലോകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button