ചരമം

നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ :  പ്രശസ്ത നടനും ‍ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് സിനിമാരംഗത്തെത്തിയത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനമെത്തിയത്.
1952 ഓഗസ്‌ത്‌ 25ന്‌ മധുരയിലാണ്‌ വിജയകാന്ത് ജനിച്ചത്‌. നാരായണൻ വിജയകാന്ത്‌ അളഗർസ്വാമി എന്നാണ്‌ യഥാർഥ പേര്‌. ആദ്യ സിനിമയുടെ സംവിധായകൻ കാജയാണ്‌ വിജയകാന്ത്‌ എന്ന്‌ പേരിട്ടത്‌. അനീതിയ്‌ക്കെതിരെ പോരാടുന്ന വീരനായകനായി തിളങ്ങിയ അദ്ദേഹത്തെ ‘ക്യാപ്‌റ്റൻ’ എന്നാണ്‌ ആരാധകർ സ്‌നേഹത്തോടെ വിളിച്ചിരുന്നത്‌. ഇരുപതിലധികം സിനിമകളിൽ പൊലീസ്‌ വേഷത്തിൽ തിളങ്ങി. തമിഴിൽ മാത്രം അഭിനയിച്ച വിജയകാന്തിന്‌ തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്‌.
ദേശീയ മുർപോക്ക്‌ ദ്രാവിഡ കഴകം (ഡിഎംഡികെ) അധ്യക്ഷനായ വിജയകാന്ത്‌ 2011–-16 കാലഘട്ടത്തിൽ തമിഴ്‌നാട്‌ പ്രതിപക്ഷ നേതാവായും സേവനമനുഷ്‌ഠിച്ചു. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. പ്രേമലതയാണ്‌ ഭാര്യ. നടൻ ഷൻമുഖ പാണ്ഡ്യൻ, വിജയ്‌ പ്രഭാകർ അളഗർസ്വാമി എന്നിവർ മക്കളാണ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button