സ്പോർട്സ്

സ്വപ്ന കീരീടം വീണുടഞ്ഞു … ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍മാര്

അഹമ്മദാബാദ്‌ > 20 വർഷം മുമ്പത്തെ ചരിത്രം ആവർത്തിച്ചു. നരേന്ദ്ര മോഡിയുടെ പേരുള്ള സ്‌റ്റേഡിയത്തിൽ ഒന്നരലക്ഷം കാണികളെ നിശബ്‌ദരാക്കിക്കൊണ്ട്‌ കങ്കാരുപ്പടയ്‌ക്ക്‌ ആറാം ഏകദിന ക്രിക്കറ്റ്‌ ലോക കിരീടം. ടൂർണമെന്റിലെ 10 മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ആറ്‌ വിക്കറ്റിനാണ്‌ മഞ്ഞപ്പട തോൽപ്പിച്ചത്‌. 241 റൺസ്‌ എന്ന കുഞ്ഞൻ വിജലയക്ഷ്യം പൂ പറിക്കുന്ന ലാഘവത്തോടെ പിടിച്ചെടുത്തു. 2003 ൽ റിക്കി പോണ്ടിങ്ങായിരുന്നെങ്കിൽ ഇന്ന്‌ ഓപ്പണർ ട്രാവിസ്‌ ഹെഡ്‌ ആണ്‌ ഓസ്‌ട്രേലിയക്ക്‌ അനായാസജയം ഒരുക്കിയത്‌. 120 പന്തുകൾ നേരിട്ട ഹെഡ്‌ 137 റൺസ്‌ നേടി ജയത്തിന്‌ രണ്ട്‌ റൺ അകലെയാണ്‌ പുറത്തായത്‌. ഗ്ലെ ൻ മാക്‌സ്‌വെൽ ആണ്‌ വിജയറൺ നേടിയത്‌. ഒരുഘട്ടത്തിൽ മൂന്നിന്‌ 47 എന്ന നിലയിൽ പതറിയ ഓസ്‌ട്രേലിയയെ ഹെഡ്‌ മാർനസ്‌ ലബുഷെയ്‌നെ കൂട്ടുപിടിച്ച്‌ വിജയത്തിലേക്ക്‌ എത്തിക്കുകയായിരുന്നു. 110 പന്തുകൾ നേരിട്ട് ലബുഷെയ്‌ൻ 58 റൺസെടുത്തു. ഡേവിഡ്‌ വാർണർ (7), മിച്ചൽ മാർഷ്‌ (15), സ്‌റ്റീവ്‌ സ്‌മിത്ത്‌ (4) എന്നിവരാണ്‌ മറ്റ്‌ സ്‌കോറർമാർ.
കളിയുടെ സമഗ്ര മേഖലകളിലും ആധിപത്യം പുലർത്തിയായിരുന്നു ഓസീസിന്റെ ജയം. ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്ത മഞ്ഞപ്പടയ്‌ക്ക്‌ ഇന്ത്യൻ ബാറ്റിങ്‌ നിര ഒരുഘട്ടത്തിൽപ്പോലും വെല്ലുവിളി ഉയർത്തിയില്ല. ഫൈനലാണെന്ന്‌ മറന്ന്‌ കളിച്ച ക്യാപ്‌റ്റൻ രോഹിത്‌ ശർമ്മയുടെ വിക്കറ്റ്‌ മുതൽ നിരവധി ബൗണ്ടറികൾ പറന്ന്‌ പിടിച്ചും ബാറ്റർമാരുടെ ശൈലി മനസ്സിലാക്കി പന്തെറിഞ്ഞും മൈറ്റി ഓസീസ്‌ എന്ന്‌ വിളിക്കുന്നത്‌ വെറുതെയല്ല എന്ന്‌ ഒരിക്കൽ കൂടി ഓസ്‌ട്രേലിയ തെളിയിച്ചു. നാല്‌ തവണ ഏകദിന ലോകകപ്പ്‌ ഫൈനൽ കളിച്ച ഇന്ത്യ രണ്ട്‌ തവണയും ഓസ്‌ട്രേലിയയോട്‌. 2003 ലും 2023 ലും. 1983 ൽ ജയിച്ചത്‌ വിൻഡിസിനോട്‌. 2011 ൽ ശ്രീലങ്കയോട്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യയെ കെ എൽ രാഹുൽ (66), വിരാട് കോഹ് ലി (54), രോഹിത് ശർമ (47) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക്‌ തുടക്കം തിരിച്ചടിയുടെതായിരുന്നു. യുവതാരം ശുഭ്മൻ ഗില്ലിന് (4) ഫൈനലിന്റെ സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ല. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. അടിച്ചു കളിച്ച് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു.
പത്തോവറിൽ 80 കടന്ന ഇന്ത്യൻ സ്കോർ പിന്നീട് ഉയർന്നില്ല. രോഹിത്തിന് പിന്നാലെ കളത്തിലിറങ്ങിയ ശ്രേയസ് അയ്യർ (4) റൺസുമായി മടങ്ങി. പാറ്റ് കമ്മിൻസാണ്‌ താരത്തെ പുറത്താക്കിയത്. 81/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കെ എൽ രാഹുലും കോഹ് ലിയും ചേർന്ന് 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. അർധ സെഞ്ചറി തികച്ച കോഹ് ലി കമ്മിന്‍സിന്റെ പന്തിന് മുമ്പിൽ കുടുങ്ങി. സൂര്യകുമാര്‍ യാദവിന് പകരം കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജയ്ക്കും ഓസീസ് ബോളിം​ഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഒമ്പത് റൺസെടുത്ത ജഡേജ ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് പുറത്തായത്. തുടർന്ന് കളത്തിലെത്തിയ സൂര്യകുമാര്‍ യാദവുമായി ചേർന്ന് കെ എൽ രാഹുൽ 40.5 ഓവറില്‍ ടീം സ്‌കോര്‍ 200 കടത്തി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുൽ സ്റ്റാര്‍ക്ക് മുന്നിൽ വീണു. പിന്നീട് വന്നവർക്കൊന്നും കളത്തിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് ഷമി (1), ജസ്പ്രീത് ബുംറ (1) എന്നിവർ കൂടാരം കയറി. 18 റൺസെടുത്ത സൂര്യകുമാർ യാദവ് വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. 50 ഓവറിന്റെ അവസാന പന്തിൽ കുൽദീപ് യാദവ് (10) റൺഔട്ടായി. മുഹമ്മദ് സിറാജ് (9) റൺസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button