അന്തർദേശീയം

പശ്ചിമേഷ്യൻ സംഘര്‍ഷം : ലോക സമുദ്ര വ്യാപാര രംഗത്ത് പുതിയ ആശങ്ക

സിംഗപ്പൂര്‍ : പശ്ചിമേഷ്യയിൽ തുടരുന്ന സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ലോക സമുദ്ര വ്യാപാര രംഗത്ത് പുതിയ ആശങ്ക ഉയര്‍ത്തുന്നു. ഇന്ധന കപ്പലുകൾക്ക് പുറമെ ചരക്ക് കപ്പലുകളും നിശ്ചലമാവുന്ന സാഹചര്യത്തിലേക്ക് പ്രതിസന്ധി നീളുകയാണ്. ആഗോള ചരക്കുനീക്കത്തിന്റെ നട്ടെല്ലായ ‘ബങ്കർ ഫ്യുവൽ’ ലഭ്യതയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കപ്പലുകൾക്ക് ആവശ്യമായ ഈ കട്ടിയേറിയ ഇന്ധനത്തിന്റെ ക്ഷാമം ലോകമെമ്പാടുമുള്ള വിതരണ ശൃംഖലകളെയും ചരക്ക് കൈമാറ്റത്തേയും നേരിട്ട് ബാധിച്ചു തുടങ്ങിയതായി റിപ്പോര്‍ടുകൾ പറയുന്നു.

ലോക രാജ്യങ്ങളിൽ എല്ലാം തന്നെ വിലക്കയറ്റവും രാജ്യാന്തര ഉത്പന്നങ്ങളുടെ ലഭ്യതയിലെ പ്രതിസന്ധിയും വെല്ലുവിളിയായിരിക്കുന്നു. കപ്പലുകളിൽ ഉപയോഗിക്കുന്ന ഇന്ധന വില യുദ്ധത്തിന് മുൻപ് ടണ്ണിന് 500 ഡോളർ ആയിരുന്നു. ഇപ്പോൾ 800 ഡോളറിന് മുകളിലെത്തി. യുദ്ധ സാഹചര്യം കടത്ത് ചിലവുകളും ഇൻഷൂറൻസ് തുകയും കുത്തനെ വര്‍ധിക്കാനും ഇടയാക്കി.

ഷിപ്പിംഗ് കമ്പനികൾ നേരിടുന്ന ഈ അധികച്ചെലവുകൾ വൈകാതെ വൻഭാരമായി സാധാരണക്കാരുടെ നേര്‍ക്ക് എത്തും. നേരത്തെ വിപണിയിൽ ഇന്ധന വിലവര്‍ധനവിന്റെ പ്രതിഫലനം ആയിരുന്നു. ഇപ്പോൾ ചരക്കുകൾ തന്നെ ലഭ്യമല്ലാതാവുന്ന ഘട്ടത്തിലേക്കാണ് പ്രതിസന്ധിയെ എത്തിച്ചിരിക്കുന്നത്. പല രാജ്യങ്ങളും ഈ പൊതു പ്രതിസന്ധി മുന്നിൽ കണ്ട് ബദൽ മാര്‍ഗ്ഗങ്ങൾ ആവിഷ്കരിച്ചു. കര,വ്യോമ മാര്‍ഗ്ഗങ്ങളിൽ ബദൽ വഴികൾ ഏര്‍പ്പെടുത്തി. പ്രതിസന്ധി ഇനിയും വര്‍ധിക്കുന്നതിന് തടയിട്ടു. എന്നാൽ ഇന്ത്യയിൽ, ജനങ്ങൾ ചെലവ് ചുരുക്കണമെന്ന ആഹ്വാനം നൽകുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. അമേരിക്കൻ ഭീഷണിക്ക് വഴങ്ങി റഷ്യയുമായുള്ള ഇന്ധന ഇടപാടുകൾ നേര്‍പ്പിച്ചതും പ്രതിസന്ധി വലുതാവാൻ ഇടയാക്കി.

വിലക്കയറ്റത്തിന് പുറമെ
ചരക്കുകൾ തന്നെ ലഭിക്കാതാവുന്നു

ഇന്ധനം ലാഭിക്കുന്നതിനായി കപ്പലുകളുടെ വേഗത ആഗോളതലത്തിൽ രണ്ട് ശതമാനം കുറച്ചിട്ടുണ്ട്. ഇത് ചരക്കുകൾ എത്തുന്നതിൽ കാലതാമസമുണ്ടാക്കും.സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ ഇതിനോടകം തന്നെ ഫെറി നിരക്കുകളും ക്രൂയിസ് കപ്പൽ ടിക്കറ്റ് നിരക്കുകളും വർദ്ധിച്ചു കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ കപ്പൽ ഇന്ധന വിതരണ കേന്ദ്രമായ സിംഗപ്പൂരിൽ ഇന്ധനശേഖരം കുത്തനെ കുറഞ്ഞതായി വെളിപ്പെടുത്തി. വില റെക്കോർഡ് വേഗത്തിൽ ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കയാണ്. കപ്പലുകളിൽ ഉപയോഗിക്കുന്ന ഏറ്റവും വിലകുറഞ്ഞ ‘ബങ്കർ ഫ്യുവൽ’, ക്രൂഡ് ഓയിൽ ശുദ്ധീകരണത്തിന് ശേഷം ലഭിക്കുന്ന അവസാന ഉൽപ്പന്നമാണ്. ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം നിലച്ചതാണ് ഇതിന്റെ ഉത്പാദനത്തെ ബാധിച്ചത്.

ദിവസവും 3350 കോടി രൂപയുടെ നഷ്ടം

ലോകത്തിലെ രാജ്യങ്ങൾക്കിടിയിലുള്ള ചരക്ക് കടത്ത് വ്യാപാരത്തിന്റെ 80 ശതമാനവും കപ്പലുകളിലാണ്. ഇന്ധന തടസ്സം നീണ്ടകാലം തുടർന്നാൽ, അത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ഇനിയും കടുത്തതാക്കും.

യൂറോപ്യൻ ഫെഡറേഷൻ ഫോർ ട്രാൻസ്പോർട്ട് ആൻഡ് എൻവയോൺമെന്റിന്റെ കണക്കനുസരിച്ച് പശ്ചിമേഷ്യൻ യുദ്ധം മൂലം കപ്പൽ ഗതാഗത മേഖലയ്ക്ക് പ്രതിദിനം 400 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ട്. ഇത് എകദേശം 3,350 കോടിയോളം രൂപ വരും.

ആദ്യ ഇര ഏഷ്യൻ രാജ്യങ്ങൾ

ഏഷ്യൻ രാജ്യങ്ങളാണ് ഈ പ്രതിസന്ധിയുടെ ആദ്യ ഇരകൾ. സിംഗപ്പൂർ പോലുള്ള പ്രധാന തുറമുഖങ്ങളിൽ ഇന്ധനശേഖരം തീർന്നു കൊണ്ടിരിക്കുന്നത് ഈ മേഖലയെ തളര്‍ത്തും. ചെറുകിട ഷിപ്പിംഗ് കമ്പനികൾ തകർച്ചയുടെ വക്കിലാണെന്ന് യുറേഷ്യ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകുന്നു. കപ്പൽ കമ്പനികൾ തങ്ങൾക്കുണ്ടാകുന്ന അധിക ചിലവ് ‘ഫ്യുവൽ സർചാർജ്’ ആയി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ ഇലക്ട്രോണിക്സ്, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവയുടെ വില ഇനിയും കൂടാൻ കാരണമാകും.

“ഇത് വെറുമൊരു ഇന്ധനക്ഷാമമല്ല, മറിച്ച് ആഗോള വിതരണ ശൃംഖലയുടെ അസ്ഥിവാരമിളക്കുന്ന പ്രതിസന്ധിയാണെന്ന് അയോൺ റിസ്ക് കൺസൾട്ടൻസി തലവൻ ഒലിവർ മിലോഷെവ്സ്കി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button