ദേശീയം

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മരണം രണ്ടായി; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി : തെക്കന്‍ ഡല്‍ഹിയിലെ മെഹ്റോളിയില്‍ അഞ്ചുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ സംഭവത്തില്‍ മരണം രണ്ടായി. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കപില്‍, രവി എന്നീ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍പ്പെട്ട ഒന്‍പത് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ എട്ട് പേരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. മൂന്ന് പേര്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണ്. 16 മണിക്കൂറിലേറെ പിന്നിട്ടിട്ടും അകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.

ശനിയാഴ്ച രാത്രി ഏഴോടെയാണ് ഡല്‍ഹി സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള അഞ്ച് നില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണത്. കെട്ടിടം പെട്ടെന്ന് തകര്‍ന്നതിനാല്‍ ഉള്ളിലുണ്ടായിരുന്ന താമസക്കാര്‍ക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ സമയം ലഭിച്ചിലില്ലെന്നാണ് പ്രാഥമിക നിഗമനം.

കോച്ചിങ് സെന്ററുകള്‍, കഫേകള്‍, ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. കെട്ടിടം തകര്‍ന്നു വീണത് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊട്ടടുത്തുള്ള താല്‍ക്കാലിക കാന്റീന് മുകളിലേക്കാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.

ഡല്‍ഹി പൊലീസ്, ഫയര്‍ സര്‍വീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button