ടൈറ്റാനിക് ലൈഫ് ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു

ലണ്ടൻ : ലോകചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തമായ ടൈറ്റാനിക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രിക ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഒൻപത് കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. 6,70,000 പൗണ്ടിനാണ് പേര് വെളിപ്പെടുത്താത്ത ഒരാൾ ഈ അപൂർവ ചരിത്രശേഷിപ്പ് സ്വന്തമാക്കിയത്. ടൈറ്റാനിക് വസ്തുക്കൾക്കായി ലണ്ടനിൽ നടന്ന ലേലത്തിലെ പ്രധാന ആകർഷണമായിരുന്നു ഇത്.
ഒന്നാം ക്ലാസ് യാത്രക്കാരിയായിരുന്ന ലോറ മേബൽ ഫ്രാങ്കറ്റെല്ലി എന്ന യുവതി ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റാണിത്. രക്ഷപ്പെട്ട ശേഷം ഇതിൽ ലോറയും ഒപ്പമുണ്ടായിരുന്ന മറ്റു യാത്രികരും ചേർന്ന് ഒപ്പിട്ടിരുന്നു. ആ ഒപ്പുകൾ തന്നെയാണ് ഇതിനെ വിലപിടിപ്പുള്ള ചരിത്രരേഖയാക്കി മാറ്റിയത്. പ്രതീക്ഷിച്ചതിലും ഇരട്ടി തുകയാണ് വിൽപനയിലൂടെ ലഭിച്ചത്.
ലോറയും സംഘവും രക്ഷപ്പെട്ട ഒന്നാം നമ്പർ ലൈഫ് ബോട്ട് അക്കാലത്ത് വലിയ വിവാദമായിരുന്നു. 40 പേർക്ക് കയറാവുന്ന ബോട്ടിൽ വെറും 12 പേർ മാത്രമാണ് അന്ന് കടലിലേക്ക് ഇറങ്ങിയത്. വെള്ളത്തിൽ വീണ സഹയാത്രികരെ രക്ഷിക്കാൻ ശ്രമിക്കാതെ ഇവർ സുരക്ഷിത സ്ഥാനത്തേക്ക് പോയത് പിന്നീട് വലിയ ആക്ഷേപങ്ങൾക്ക് കാരണമായി. ഈ വിവാദ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇപ്പോൾ ലേലത്തിൽ വിറ്റ ജാക്കറ്റ്.
ഇതേ ലേലത്തിൽ ലൈഫ് ബോട്ടിലെ ഒരു സീറ്റ് കുഷ്യൻ അഞ്ച് കോടി രൂപയ്ക്കും വിറ്റുപോയി. 1912 ഏപ്രിൽ 15-ന് നടന്ന ദുരന്തത്തിൽ ഏകദേശം 1500-ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. നൂറ്റാണ്ടിനിപ്പുറവും ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വസ്തുക്കളോടുള്ള ലോകത്തിന്റെ അടങ്ങാത്ത കൗതുകമാണ് ഈ റെക്കോർഡ് വില സൂചിപ്പിക്കുന്നത്.



