അന്തർദേശീയം

ബൈജൂസ് ആപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍ : ബൈജൂസ് ആപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതിയലക്ഷ്യ കേസില്‍ 6 മാസത്തെ തടവാണ് ശിക്ഷ. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി 70,500 ഡോളര്‍ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ആസ്തികള്‍ സംബന്ധിച്ച് 2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച ഒട്ടേറെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബൈജു ഇതുവരെ തയാറായില്ലെന്നാണ് വിധിയില്‍ പറയുന്നത്. ബൈജു സിംഗപ്പൂരിലുണ്ടോയെന്ന് വ്യക്തമല്ല. ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്മേലാണ് വിധി. ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജൂസ് സ്ഥാപകര്‍ക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ കേസിന്മേല്‍ യുഎസിലും ഇന്ത്യയിലുമായി വിവിധ കോടതികളില്‍ കേസുകളുണ്ട്.

ബൈജു സ്ഥാപിച്ച ‘തിങ്ക് ആന്‍ഡ് ലേണ്‍’ ആണ് ബൈജൂസിന്റെ മാതൃകമ്പനി. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഓണ്‍ലൈന്‍ പഠനത്തിന് പ്രിയമേറിയത് ബൈജൂസിന്റെ വളര്‍ച്ച വേഗത്തിലാക്കി. ഈ രംഗത്തെ എതിരാളികളായ കമ്പനികളെ ഉള്‍പ്പെടെ ബൈജൂസ് ഏറ്റെടുത്തു. വായ്പാത്തിരിച്ചടവ് മുടങ്ങുകയും സാമ്പത്തിക അച്ചടക്കമില്ലാതാവുകയും ചെയ്തതോടെ പ്രതിസന്ധിയിലേക്ക് കമ്പനി കൂപ്പുകുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button