റഷ്യ- യുഎസ് പ്രത്യേക പ്രതിനിധി ചര്‍ച്ച; യുക്രെയ്നുമായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ : യുക്രെയ്നുമായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് വ്ളാഡിമിര്‍ പുടിന് താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചത്. മൂന്ന് ദിവസത്തേക്ക് കീവ് ആക്രമിക്കരുതെന്നാണ് പുടിന് റഷ്യന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റഷ്യന്‍, യുഎസ് പ്രത്യേക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ വരവിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് കീവിലെ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി റഷ്യയോട് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ചർച്ചകൾ അവസാനിക്കുന്നത് വരെ തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് സെലൻസ്കി പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ നടത്തുന്നതിനും അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹകരിക്കണമെന്ന് സെലെന്‍സ്കി ആവശ്യപ്പെട്ടു. വിറ്റ്കോഫും കുഷ്നറും അവസാനമായി മോസ്കോ സന്ദര്‍ശിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു. അന്ന് അവര്‍ ക്രെംലിനില്‍ വെച്ച് പുടിനെ കണ്ടുമുട്ടിയെങ്കിലും യുക്രെയ്ന് സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ യുക്രെയ്ന് അവരെ പ്രതീക്ഷിക്കുന്നതായി സെലെന്‍സ്കി പറഞ്ഞിരുന്നു
കഴിഞ്ഞ ആറ് മാസമായി ഇറാനുമായുള്ള യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ റഷ്യ-യുക്രെയ്ന് പ്രതിസന്ധിയില്‍ ഇടപെടാനും സംഘര്‍ഷം അവസാനിപ്പിക്കാനും അമേരിക്കയുടെ ശ്രമം കുറഞ്ഞെന്ന് ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ പ്രത്യേക സന്ദര്‍ശനം.



